ഫ്ലാറ്റ് ലഭിക്കാത്തവര്‍ക്ക് ആശ്വാസം: ബാങ്ക് റിക്കവറി നടപടികള്‍ക്ക് സുപ്രീം കോടതിയുടെ സ്റ്റേ; പ്രവാസികള്‍ക്കും നേട്ടം

നിര്‍മ്മാണം പാതിവഴിയില്‍ തടസ്സപ്പെട്ട ഫ്ലാറ്റുകളുടെ പേരില്‍, വീട്ടുവാടകയും ബാങ്ക് വായ്പാ തിരിച്ചടവും ഒരേസമയം താങ്ങാനാവാതെ നട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. കെട്ടിട നിര്‍മ്മാണത്തിലെ പുരോഗതി വിലയിരുത്താതെ ബില്‍ഡര്‍മാര്‍ക്ക് ഭീമമായ തുക മുന്‍കൂറായി വിതരണം ചെയ്ത ബാങ്കുകള്‍ക്ക്, ഫ്ലാറ്റ് ലഭിക്കാത്ത ഉപഭോക്താക്കളുടെ മേല്‍ ഏകപക്ഷീയമായ റിക്കവറി നടപടികളോ സിബില്‍ (CIBIL) സ്കോറിനെ ബാധിക്കുന്ന തരത്തിലുള്ള സമ്മര്‍ദ്ദങ്ങളോ ചെലുത്താന്‍ അവകാശമില്ലെന്ന് കോടതി അടിവരയിട്ടു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് നിര്‍മ്മാണ വേളയില്‍ ബില്‍ഡര്‍മാര്‍ക്ക് അമിതമായി പണം അനുവദിച്ച ബാങ്കുകള്‍ക്ക്, ഫ്ലാറ്റ് കൈവശം കിട്ടാത്ത ഇടപാടുകാരില്‍ നിന്ന് തുക തിരിച്ചുപിടിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് വിധി വ്യക്തമാക്കുന്നു.
ബില്‍ഡര്‍മാരും ബാങ്ക് അധികൃതരും തമ്മിലുണ്ടാകുന്ന ഒത്തുകളികള്‍ (Unholy nexus) ഗൗരവകരമാണെന്നും, ത്രികക്ഷി കരാറിലെ (Tripartite Agreement) നിബന്ധനകള്‍ ലംഘിച്ചാണോ ബാങ്കുകള്‍ പണം കൈമാറിയതെന്ന് പരിശോധിക്കേണ്ടത് വാണിജ്യ കോടതികളുടെ ഉത്തരവാദിത്തമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വീട് വാങ്ങിയവര്‍ ബോധപൂര്‍വ്വം വായ്പാ തിരിച്ചടവ് മുടക്കിയതാണെന്ന് കോടതിക്ക് ബോധ്യപ്പെടുന്നത് വരെ, ഇവര്‍ക്കെതിരെ റിക്കവറി നടപടികളോ ഇടക്കാല ഉത്തരവുകളോ പാടില്ല.
ഹരിയാനയിലെ സോനിപത്തിലുള്ള റഹേജ ഡെവലപ്പേഴ്സിന്റെ (Raheja Developers) ഭവന പദ്ധതിയില്‍ ഫ്ലാറ്റ് ബുക്ക് ചെയ്തവര്‍ നല്കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിനും അനുസൃതമായി മാത്രം പണം നല്‍കണമെന്ന കരാര്‍ കാറ്റില്‍പ്പറത്തി, ബാങ്കും ബില്‍ഡറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായി വലിയൊരു തുക മുന്‍കൂറായി കൈമാറുകയായിരുന്നു. പദ്ധതി പാതിവഴിയില്‍ നിലയ്ക്കുകയും ബില്‍ഡര്‍ പാപ്പരായതിനെത്തുടര്‍ന്ന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (NCLT) നടപടികള്‍ നേരിടുകയും ചെയ്തതോടെ ഇടപാടുകാര്‍ പ്രതിസന്ധിയിലായി. ഫ്ലാറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ വാടകയും ലോണ്‍ തുകയും കൃത്യമായി അടച്ചുപോന്ന ഉപഭോക്താക്കളെ, ബില്‍ഡര്‍ പാപ്പരായതോടെ വീഴ്ച വരുത്തിയവരായി (Defaulters) ചിത്രീകരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡല്‍ഹി സാകേത് വാണിജ്യ കോടതിയില്‍ റിക്കവറി കേസ് ഫയല്‍ ചെയ്തതാണ് നിയമപോരാട്ടത്തിന് വഴിയൊരുക്കിയത്.
കേരളത്തിലെ പ്രധാന നഗരങ്ങളിലും ബെംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലും ഫ്ലാറ്റുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഒട്ടനവധി മലയാളികള്‍ക്കും പ്രവാസികള്‍ക്കും ഈ വിധി വലിയൊരു സുരക്ഷാകവചമാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ഇടങ്ങളില്‍ പല പദ്ധതികളും മുടങ്ങിക്കിടക്കുമ്പോള്‍, ബാങ്കുകളുടെ റിക്കവറി ഭീഷണി നേരിടുന്നവര്‍ക്ക് ഈ വിധി വലിയ ആശ്വാസമാകും. നിര്‍മ്മാണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ വായ്പാ തുകയുടെ ഭൂരിഭാഗവും ബില്‍ഡര്‍ക്ക് കൈമാറുന്ന ബാങ്കുകളുടെ തെറ്റായ രീതിക്ക് ഈ ഉത്തരവ് തടയിടും.
ഈ വിധിയിലൂടെ ഉപഭോക്താക്കള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങിയെങ്കിലും, ചില കാര്യങ്ങളില്‍ ജാഗ്രത വേണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. പ്രധാനമായും, സ്വന്തം നിലയ്ക്ക് EMI അടയ്ക്കുന്നത് നിര്‍ത്തരുത്. നിര്‍മ്മാണം വൈകുന്നു എന്ന കാരണത്താല്‍ തിരിച്ചടവ് മുടക്കുന്നത് നിയമപരമായ പ്രതിസന്ധിക്ക് കാരണമാകും. ബാങ്ക് റിക്കവറി നടപടികളിലേക്ക് കടന്നാല്‍, കോടതിയില്‍ ഹാജരായി ബാങ്ക് കരാര്‍ ലംഘനം നടത്തിയിട്ടുണ്ടെന്ന് ബോധിപ്പിക്കുകയാണ് വേണ്ടത്. വായ്പാ അനുവദിച്ച കത്ത്, ത്രികക്ഷി കരാര്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, എന്‍ജിനീയറുടെ നിര്‍മ്മാണ റിപ്പോര്‍ട്ടുകള്‍ എന്നിവ തെളിവായി കരുതണം.
കൂടാതെ, ബില്‍ഡര്‍ പാപ്പരായാല്‍ NCLT നടപടികളുടെ ഭാഗമായി പത്രപരസ്യം ശ്രദ്ധിച്ച് കൃത്യസമയത്ത് തന്നെ റെസല്യൂഷന്‍ പ്രൊഫഷണലിന് (IRP/RP) ഫോം CA വഴി ഓണ്‍ലൈനായി ക്ലെയിം സമര്‍പ്പിക്കാന്‍ മറക്കരുത്. ബുക്കിംഗ് രേഖകള്‍, പണമടച്ച രസീതുകള്‍, RERA ഉത്തരവുകള്‍ എന്നിവ ഇതോടൊപ്പം സമര്‍പ്പിച്ച് ക്രെഡിറ്റേഴ്സ് പട്ടികയില്‍ തങ്ങളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.




