ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ടുമായി യാത്ര ചെയ്യാം

ശബരിമല തീർഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൈവശം വെച്ച് യാത്ര ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതായി വ്യോമയാന മന്ത്രി കെ. രാം മോഹൻ നായിഡു അറിയിച്ചു. തുടർച്ചയായി മൂന്നാം വർഷമാണ് ഈ പ്രത്യേക ഇളവ് അനുവദിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് മന്ത്രി തന്റെ എക്സ് (X) അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തു. ഭക്തർക്ക് യാതൊരുവിധ തടസ്സങ്ങളുമില്ലാതെ തീർഥാടനം പൂർത്തിയാക്കാൻ സാധിക്കുമെന്നും, ഇതിനായി വിമാനത്താവള അധികൃതർ, സിഐഎസ്എഫ്, ബിസിഎഎസ് എന്നിവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ: ‘നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന ശബരിമലയിലെ ആചാരപ്രകാരം ഇരുമുടിക്കെട്ട് എന്നത് ഭക്തരുടെ വിശ്വാസത്തിന്റെ പ്രതീകമാണ്. അയ്യപ്പഭക്തരുടെ വികാരങ്ങളെയും ആചാരങ്ങളെയും കണക്കിലെടുത്ത്, വിമാനത്തിന്റെ ക്യാബിനുള്ളിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാനുള്ള അനുമതി ഇത്തവണയും തുടരാൻ തീരുമാനിച്ചിരിക്കുന്നു. ഭക്തർക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിനായി വിമാനത്താവള സുരക്ഷാ വിഭാഗം, സിഐഎസ്എഫ്, ബിസിഎഎസ് ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും ഇതുസംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകിക്കഴിഞ്ഞു’.




