NEWS

മുംബൈയിൽ യുവതീയുവാക്കൾക്ക് നേരെ പ്രായപൂർത്തിയാകാത്ത സംഘത്തിന്റെ ആക്രമണം; വടികൊണ്ടുള്ള മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

മുംബൈയിലെ കുർളയിലുള്ള പൊതു പാർക്കിൽ വെച്ച് യുവതീയുവാക്കൾക്കു നേരെ കൗമാരക്കാരായ ഒരു സംഘത്തിന്റെ ക്രൂരമായ മർദനം. ഏകദേശം പത്തോളം പേരടങ്ങുന്ന സംഘമാണ് വടികളുമായി ഇവർക്കു നേരെ പാഞ്ഞടുത്തത്. ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്.

കുർള വെസ്റ്റിലെ ഫീനിക്സ് മാളിന് സമീപത്തുള്ള പ്രമോദ് മഹാജൻ ഗാർഡനിലാണ് അക്രമം അരങ്ങേറിയത്. ബിജെപി നേതാവ് കിരിത് സോമയ്യയാണ് ഈ വീഡിയോ പുറത്തുവിട്ടത്. വീഡിയോയിൽ, പ്രായപൂർത്തിയാകാത്ത പത്തിലേറെ വരുന്ന ആൺകുട്ടികൾ യുവതീയുവാക്കളുമായി തർക്കത്തിലേർപ്പെടുന്നത് വ്യക്തമാണ്. നിമിഷങ്ങൾക്കുള്ളിൽ തർക്കം സംഘർഷത്തിലേക്കും അക്രമത്തിലേക്കും മാറുകയായിരുന്നു. ഇരുവരെയും വളഞ്ഞുവെച്ച് തടഞ്ഞുവെച്ച ശേഷം, സംഘത്തിലെ ചിലർ യുവാവിനെ മരക്കമ്പുകൾ ഉപയോഗിച്ച് മർദിക്കുന്നതും പിന്നീട് എല്ലാവരും ചേർന്ന് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒപ്പമുണ്ടായിരുന്ന യുവതി അക്രമികളെ തടയാനും യുവാവിനെ രക്ഷിക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്. ഒടുവിൽ പ്രതിസന്ധികൾക്കിടയിലൂടെ ഇരുവരും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

Disclaimer : വാർത്തയോടൊപ്പം നൽകിയിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. പ്രസ്തുത ചിത്രം @KiritSomaiya എന്ന എക്സ് (X) അക്കൗണ്ടിൽ നിന്ന് ശേഖരിച്ചതാണ്.

Fashion ⏭️

Back to top button