യുഎഇയിലേക്ക് എൻഐഎയുടെ എംഎൽഎടി അപേക്ഷ; നിർണായക വിവരശേഖരണത്തിന് നീക്കം

അബുദാബി / ന്യൂഡൽഹി: ഫ്ളൈ ദുബായ് വിമാനത്തിനുള്ളിൽ വെച്ച് ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് നേരെ ഉണ്ടായ ആക്രമണ സംഭവത്തിൽ നിർണ്ണായക നീക്കവുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും തെളിവുകളും ശേഖരിക്കുന്നതിനായി യുഎഇ സർക്കാരിന് എൻഐഎ ‘മ്യൂച്വൽ ലീഗൽ അസിസ്റ്റൻസ് ട്രീറ്റി’ (എംഎൽഎടി) പ്രകാരമുള്ള അപേക്ഷ സമർപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവരെ ചോദ്യം ചെയ്യാനും നേരിട്ട് പരിശോധനകൾ നടത്താനുമുള്ള അനുമതി തേടിയാണ് ഈ നിയമനടപടി.
ഡൽഹിയിൽ വെച്ചു നടന്ന ആറാമത് ‘ആന്റി-ടെറർ കോൺഫറൻസിന്റെ’ സമാപന സമ്മേളനത്തിന് ശേഷം എൻഐഎ ഡയറക്ടർ ജനറൽ രാകേഷ് അഗർവാളാണ് മാധ്യമങ്ങളോട് ഇക്കാര്യം പങ്കുവെച്ചത്. യുഎഇ അധികൃതരിൽ നിന്ന് അപേക്ഷയ്ക്കുള്ള മറുപടി ലഭിക്കുന്ന മുറയ്ക്ക് തുടർ അന്വേഷണ നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിദേശ മണ്ണിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തുന്നതിന് എൻഐഎയ്ക്ക് നിലവിലെ നിയമപ്രകാരം പൂർണ്ണ അധികാരമുണ്ടെന്ന് ഡയറക്ടർ ജനറൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ പൗരന്മാർ ഇരകളാകുകയോ രാജ്യത്തിന്റെ താൽപര്യങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉണ്ടാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, വിമാന തട്ടിക്കൊണ്ടുപോകൽ വിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇടപെടാനും അന്വേഷണം നടത്താനും ഏജൻസിക്ക് അവകാശമുണ്ട്. അതിനാൽ ഈ കേസെടുത്ത് എഫ്ഐആർ (FIR) റജിസ്റ്റർ ചെയ്തത് പൂർണ്ണമായും നിയമപരമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.




