കൺസ്യൂമർ ഫെഡ് അസിസ്റ്റന്റ് മാനേജർ നിയമനം: കോൺഗ്രസ് നേതാവിനെതിരെ ആക്ഷേപം

തിരുവനന്തപുരം കൺസ്യൂമർ ഫെഡിൽ അസിസ്റ്റന്റ് റീജനൽ മാനേജർ പദവിയിലിരിക്കുന്ന കോൺഗ്രസ് നേതാവിനെ, ഓഫിസ് സമയം കഴിഞ്ഞ ശേഷം വിദേശമദ്യ പ്രീമിയം കൗണ്ടറിൽ ജോലി ചെയ്യാൻ അനുവദിച്ചുകൊണ്ട് മാനേജിങ് ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവ് വലിയ ചർച്ചയാകുന്നു. തിരുവനന്തപുരം ഡിസിസി അംഗവും ഐഎൻടിയുസി കൺസ്യൂമർ ഫെഡ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ ജെ. ഫ്രെഡിക്കാണ് ഇത്തരമൊരു പ്രത്യേക ഉത്തരവിലൂടെ നിയമനം ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം റീജനിലുള്ള സ്റ്റാച്യു വിദേശമദ്യ ഷോപ്പിലെ പ്രീമിയം കൗണ്ടറിൽ ജീവനക്കാരുടെ കുറവുണ്ടെന്നും, ഒരാളെക്കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഷോപ്പ് ഇൻ ചാർജ് ഒക്ടോബർ 27-ന് അധികൃതർക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെ, വൈകിട്ട് അഞ്ചു മണിക്ക് ശേഷം വിദേശമദ്യ ഔട്ട്ലെറ്റിൽ ജോലി ചെയ്യാൻ അനുവാദം തേടി ഫ്രെഡി 29-ാം തീയതി മറ്റൊരു അപേക്ഷയും സമർപ്പിച്ചു. ഈ രണ്ട് ആവശ്യങ്ങളും പരിഗണിച്ചാണ്, മദ്യഷോപ്പുകളിൽ തിരക്കേറുന്ന വൈകിട്ട് അഞ്ച് മണിക്ക് ശേഷം ജോലി ചെയ്യാൻ ഫ്രെഡിക്ക് അനുമതി നൽകിക്കൊണ്ട് എംഡി ഉത്തരവിറക്കിയത്. ജോലി ചെയ്യുന്ന ദിവസങ്ങളിൽ 450 രൂപ വീതം ഷോപ്പ് അലവൻസായി ഇദ്ദേഹത്തിന് ലഭിക്കും.




