NEWS

സ്വർണവിലയിലെ ഇടിവ്: സ്വർണ വായ്പകളെ ബാധിക്കുമോ? വിപണിയിലെ ആശങ്കയും സാധ്യതകളും

കൊച്ചി ∙ സ്വർണവിലയിലുണ്ടായ കുത്തനെ ഇടിവ് കേരളത്തിൽ സമ്മിശ്ര വികാരമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവാഹാവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങാൻ കാത്തിരുന്ന സാധാരണക്കാർക്ക് ഇത് വലിയൊരു ആശ്വാസമായി മാറുമ്പോൾ, മുൻകാലങ്ങളിൽ സ്വർണത്തിൽ നിക്ഷേപം നടത്തിയവർ കടുത്ത ആശങ്കയിലുമാണ്. സംസ്ഥാനത്ത് ഇന്നലെ ഒറ്റയടിക്ക് പവന് 3,760 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതൊടെ സ്വർണവില പവന് 92,080 രൂപ എന്ന നിലയിലേക്ക് എത്തിച്ചേർന്നു. കഴിഞ്ഞ ജനുവരി 28-ന് പവന് 1,31,160 രൂപയായിരുന്നു വിപണി വില. റെക്കോർഡ് നിരക്കിൽ നിന്നും 39,080 രൂപയുടെ കുറവ്, അഥവാ 29.7 ശതമാനത്തിന്റെ ഇടിവാണ് ഇതിനകം സ്വർണവിപണിയിൽ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തെ കണക്കെടുത്താൽ മാത്രം 13,960 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 11,510 രൂപ എന്ന നിലയിലേക്കും വില താഴ്ന്നിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വർഷങ്ങളായി മലയാളികൾ സ്വർണത്തെ ഒരു മികച്ച നിക്ഷേപ മാർഗമായി കാണാൻ തുടങ്ങിയിരുന്നു. ആഭരണങ്ങൾക്കു പുറമെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്), നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഇലക്ട്രോണിക് ഗോൾഡ് റസീറ്റുകൾ (ഇജിആർ), ഡിജിറ്റൽ ഗോൾഡ് തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെ വൻതോതിൽ പണം നിക്ഷേപിച്ചവർക്ക് ഇപ്പോഴത്തെ വിലത്തകർച്ച വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്. ആഗോള വിപണിയിലെ തളർച്ചയാണ് കേരളത്തിലെയും വിലയിടിവിന് പ്രധാന കാരണം. ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 5600 ഡോളർ എന്ന സർവകാല റെക്കോർഡിൽ എത്തിയ സ്വർണം ഇപ്പോൾ 3517 ഡോളറിലേക്ക് ഇടിഞ്ഞു. ഇത് 37 ശതമാനത്തോളം കുറവാണ്. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം കുറഞ്ഞതുകൊണ്ട് മാത്രമാണ് രാജ്യാന്തര വിപണിയിലെ അതേ തോതിലുള്ള വൻ ഇടിവ് ഇവിടെ അനുഭവപ്പെടാത്തത്. അതേസമയം, ഈ വർഷം വെള്ളിയുടെ വിലയിൽ 60 ശതമാനത്തോളം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

വില ഇനിയും താഴുമോ എന്ന ആശങ്ക വിപണിയിൽ സജീവമാണ്. അന്താരാഷ്ട്ര തലത്തിൽ വില കുറയാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. ഡിസംബറിൽ ചേരുന്ന യുഎസ് കേന്ദ്രബാങ്കിന്റെ യോഗത്തിൽ പലിശ നിരക്ക് ഉയർത്തിയാൽ സ്വർണവിലയിൽ ഇനിയും ഇടിവുണ്ടാകും. ആഗോള വിപണിയിൽ വില 3400 ഡോളറിലേക്ക് എത്തിയാൽ കേരളത്തിൽ സ്വർണം പവന് 90,000 രൂപയിലും താഴെ എത്തിയേക്കാം. എന്നാൽ, വില കുറയുന്ന ഘട്ടത്തിൽ നിക്ഷേപകർ വീണ്ടും സ്വർണം വാങ്ങിത്തുടങ്ങിയാൽ വിലയിൽ നേരിയ ഉയർച്ച ഉണ്ടായേക്കാം. എങ്കിലും ഡോളർ കരുത്താർജിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയാൻ മടിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

സ്വർണവായ്പകളെ സംബന്ധിച്ചിടത്തോളം ഈ വിലയിടിവ് ബാങ്കിങ് മേഖലയ്ക്ക് വെല്ലുവിളിയാണ്. വായ്പയ്ക്ക് ഈടായി നൽകിയിരിക്കുന്ന സ്വർണത്തിന്റെ വിപണിമൂല്യം കുറയുന്നത് ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കൊളാറ്ററൽ മാർജിനെ ബാധിക്കും. റിസർവ് ബാങ്കിന്റെ നിബന്ധനപ്രകാരമുള്ള ലോൺ-ടു-വാല്യു (എൽടിവി) അനുപാതമാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ധനസ്ഥാപനങ്ങൾക്ക് തുണയാകുന്നത്. സാധാരണയായി വിപണിമൂല്യത്തിന്റെ 75 ശതമാനം വരെ മാത്രമേ വായ്പ നൽകാൻ അനുവാദമുള്ളൂ. എന്നാൽ വില പെട്ടെന്ന് താഴേക്ക് വീഴുമ്പോൾ ഈ കണക്കുകൾ താളം തെറ്റുന്നു. ഉദാഹരണത്തിന്, സ്വർണത്തിന് 1.3 ലക്ഷം രൂപ വിലയുണ്ടായിരുന്ന സമയത്ത് 75 ശതമാനം നിരക്കിൽ 97,500 രൂപ വായ്പ എടുത്തവർക്ക്, ഇപ്പോഴത്തെ വില ഇടിവ് തിരിച്ചടിയാണ്. നിലവിലെ വില ആ വായ്പാ തുകയേക്കാൾ കുറവായതിനാൽ ബാങ്കുകളുടെ എൽടിവി അനുപാതം 100 ശതമാനത്തിന് മുകളിലേക്ക് ഉയർന്നേക്കാം എന്നത് വലിയൊരു പ്രതിസന്ധിയാണ്.

Fashion ⏭️

Back to top button