NEWS

അച്ഛൻ മരിച്ച സ്ഥലത്ത് പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കി

തിരുപ്പൂർ: ആറുമാസം മുമ്പ് അച്ഛൻ ട്രെയിൻ തട്ടി ദാരുണമായി മരിച്ച അതേ റെയിൽവേ ട്രാക്കിൽ മകളും മരിച്ച നിലയിൽ. തിരുപ്പൂർ ശെമ്മാണ്ടംപാളയം സ്വദേശികളായ കാർത്തിക്-ജാനകി ദമ്പതികളുടെ ഏക മകളും പ്ലസ്ടു വിദ്യാർഥിനിയുമായ കെ. സാധനയാണ് (16) ഒരേ സ്ഥലത്ത് ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടത്.

വീട്ടിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് സാധനയെ ദിവസവും കൊണ്ടുപോയിരുന്നത് പിതാവ് കാർത്തിക്കായിരുന്നു. സ്കൂളിലേക്കുള്ള വഴിയിലെ റെയിൽവേ പാളം മകൾ സുരക്ഷിതമായി കടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമേ അദ്ദേഹം മടങ്ങാറുള്ളൂ. എന്നാൽ, നിർഭാഗ്യവശാൽ ആറുമാസം മുമ്പ് മകളെ സ്കൂളിൽ വിട്ട് മടങ്ങുന്നതിനിടെ ഇതേ ട്രാക്ക് മുറിച്ചുകടക്കുമ്പോൾ ട്രെയിനിടിച്ച് കാർത്തിക് മരണപ്പെട്ടു.

അച്ഛന്റെ വിയോഗം സാധനയെ മാനസികമായി തളർത്തിയിരുന്നുവെന്നും എപ്പോഴും അച്ഛനെക്കുറിച്ച് മാത്രമാണ് അവൾ സംസാരിച്ചിരുന്നതെന്നും സഹപാഠികൾ വേദനയോടെ ഓർക്കുന്നു. അച്ഛനെ നഷ്ടപ്പെട്ട ആഘാതത്തിൽ നിന്നുള്ള മനോവിഷമം മൂലമാണ് അവൾ ഈ കടുംകൈ ചെയ്തതെന്നാണ് സഹപാഠികളുടെ നിഗമനം. ബുധനാഴ്ച വൈകുന്നേരത്തോടെ അച്ഛൻ മരിച്ച അതേ സ്ഥലത്തെത്തിയ സാധന, ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു. സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് സാധനയുടെ അമ്മ ജാനകി.

Fashion ⏭️

Back to top button