കൊളത്തൂർ എംഎൽഎയുടെ മൃതദേഹം ചുമന്ന് വിജയ്; വിലാപയാത്രയിൽ 2.3 കിലോമീറ്റർ ദൂരം ചെരിപ്പില്ലാതെ നടന്നു

ചെന്നൈ∙ കൊളത്തൂർ എംഎൽഎ വി.എസ്. ബാബുവിന്റെ (75) അന്ത്യയാത്രയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി ജോസഫ് വിജയ് നേരിട്ടെത്തി. ബാബുവിന്റെ ശവമഞ്ചം തോളിലേറ്റിയ വിജയ്, വിലാപയാത്രയിൽ ചെരിപ്പില്ലാതെ ഏകദേശം 2.3 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ചു. ടിവികെ എംഎൽഎമാർ, വിവിധ മന്ത്രിമാർ, മുതിർന്ന പാർട്ടി നേതാക്കൾ, എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം അനുശോചന യാത്രയിൽ പങ്കുചേർന്നു. പൊതുദർശനത്തിന് ശേഷം ബന്ധുക്കളുടെയും മുതിർന്ന നേതാക്കളുടെയും കാർമ്മികത്വത്തിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ബാബുവിന്റെ വിയോഗത്തിൽ ആദരവ് പ്രകടിപ്പിച്ച് തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ടിവികെ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് രണ്ടു മാസത്തിലധികമായി ചികിത്സയിലായിരുന്ന വി.എസ്. ബാബു, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കൊളത്തൂരിൽ പരാജയപ്പെടുത്തിയതിലൂടെയാണ് ശ്രദ്ധേയനായത്. ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശം നടത്തിയ അദ്ദേഹം 2006-ൽ പുരുഷവാക്കം മണ്ഡലത്തിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തി. 2011-ൽ കൊളത്തൂർ മണ്ഡലം രൂപീകരിക്കപ്പെട്ടപ്പോൾ സ്റ്റാലിന് വേണ്ടി ശക്തമായി പ്രചാരണം നടത്തിയെങ്കിലും, വോട്ടുവിഹിതം കുറഞ്ഞതിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഒടുവിൽ അദ്ദേഹത്തെ പാർട്ടി വിടുന്നതിലേക്ക് നയിച്ചു. തുടർന്ന് അണ്ണാഡിഎംകെയിൽ ചേർന്ന ബാബു, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടിവികെയിൽ അംഗമായത്. മണ്ഡലത്തിൽ തുടർച്ചയായി മൂന്നുതവണ വിജയിച്ചിരുന്ന സ്റ്റാലിന്റെ കുത്തക തകർത്താണ് 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബാബു അന്ന് വിജയം കൊയ്തത്.




