കെ.എം. ബഷീർ വധക്കേസ്: ശ്രീറാം വെങ്കിട്ടരാമന് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇളവ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ ആശ്വാസകരമായ വിധി. ഇനിമുതല്‍ വിചാരണാ വേളകളില്‍ പ്രതി നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി വിദേശ യാത്രകള്‍ നടത്തേണ്ടതുണ്ടെന്നും, അതിനാല്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിന് അനുമതി വേണമെന്നും ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി. ഒപ്പം തന്നെ കേസ് പരിഗണിക്കുന്ന ദിവസങ്ങളില്‍ തനിക്ക് നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഇളവ് നല്‍കണമെന്നും അദ്ദേഹം കോടതിയിൽ അപേക്ഷിച്ചിരുന്നു.
അതേസമയം, ഈ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനമാകാത്ത സാഹചര്യമുണ്ട്. ഇക്കാരണത്താല്‍ കേസിന്റെ വിചാരണാ നടപടികള്‍ക്ക് ഹൈക്കോടതി നിലവില്‍ സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.




