NEWS

ഡാൻസാഫ് ഉദ്യോഗസ്ഥർക്ക് ഇനി തോക്കേന്തിയുള്ള സുരക്ഷ; ലഹരിവേട്ടയിൽ പ്രത്യേക പരിശീലനം നൽകി പൊലീസ്

തിരുവനന്തപുരം∙ മയക്കുമരുന്ന് മാഫിയകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെ കാണാൻ പൊലീസ് സേനയുടെ തീരുമാനം. ലഹരി വിരുദ്ധ വേട്ടയ്ക്ക് ഇറങ്ങുന്ന ഡാൻസാഫ് (DANSAF) ഉദ്യോഗസ്ഥർക്കു നേരെ ആക്രമണങ്ങൾ പതിവായ സാഹചര്യത്തിൽ, സ്വയം പ്രതിരോധത്തിനായി അവർക്ക് തോക്ക് ഉപയോഗിക്കുന്നതിൽ പ്രത്യേക പരിശീലനം നൽകാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ ജില്ലാ പൊലീസ് മേധാവികൾക്ക് കർശന നിർദേശം നൽകി.

ലഹരി മാഫിയകൾക്കെതിരായ നീക്കങ്ങൾക്കിടെ ഉദ്യോഗസ്ഥർ നേരിടേണ്ടി വരുന്ന ഭീഷണികൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു സുരക്ഷാ നടപടി. ഇതിന്റെ ഭാഗമായി, ഡാൻസാഫ് യൂണിറ്റിലെ എല്ലാ ഉദ്യോഗസ്ഥർക്കും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സജ്ജമാകുന്ന തരത്തിൽ പിസ്റ്റൾ കൈകാര്യം ചെയ്യുന്നതിൽ അതിവേഗ പരിശീലനം ലഭ്യമാക്കും. തോക്ക് വേഗത്തിൽ അഴിച്ചെടുക്കാനും (stripping), ഘടിപ്പിക്കാനും (assembling), കൃത്യമായി ലക്ഷ്യത്തിലേക്ക് വെടിയുതിർക്കാനും (firing) പ്രാപ്തരാക്കുകയാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഈ പരിശീലന പരിപാടികൾ കൃത്യമായും കാര്യക്ഷമമായും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സോൺ ഐജിമാർക്കും റേഞ്ച് ഡിഐജിമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് എഡിജിപി പി. വിജയൻ വ്യക്തമാക്കി.

Fashion ⏭️

Back to top button