മലേഷ്യയുടെ ഫ്രീ വീസ നയം: ഇന്ത്യക്കാർക്ക് നിയന്ത്രണങ്ങൾ വരുന്നു

ന്യൂഡൽഹി ∙ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് മലേഷ്യ നൽകിപ്പോന്ന വീസ രഹിത യാത്രാ ആനുകൂല്യം പിൻവലിക്കുന്നു. 2024 ജനുവരി ഒന്നാം തീയതി മുതൽ ഇന്ത്യയിൽ നിന്നുള്ള സന്ദർശകർ മലേഷ്യയിലേക്ക് യാത്ര ചെയ്യുമ്പോൾ വീസ നിർബന്ധമായിരിക്കുമെന്ന് മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് (ജെഐഎം) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ ഡിസംബർ ഒന്ന് മുതൽ ‘മൈവീസ’ പോർട്ടൽ വഴി സമർപ്പിക്കാവുന്നതാണ്.
ഇതുവരെ ഇന്ത്യക്കാർക്ക് 30 ദിവസം വരെ വീസയില്ലാതെ മലേഷ്യയിൽ തങ്ങാൻ അനുവാദമുണ്ടായിരുന്നു. യാത്രയ്ക്ക് മൂന്നു ദിവസം മുൻപ് മലേഷ്യ ഡിജിറ്റൽ അറൈവൽ കാർഡിൽ റജിസ്റ്റർ ചെയ്യുക മാത്രമായിരുന്നു അന്ന് വേണ്ടിവന്നിരുന്നത്. എന്നാൽ, കഴിഞ്ഞ 17-ാം തീയതി പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, വീസ അപേക്ഷ നിരസിക്കപ്പെട്ടാലും അടച്ച പ്രോസസിങ് ഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സഞ്ചാരികൾ നിർബന്ധമായും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ എടുത്തിരിക്കണമെന്നും, മലേഷ്യൻ പൗരന്മാരല്ലാത്തവർ അവിടുത്തെ ആരോഗ്യ സേവനങ്ങൾക്കായി പ്രത്യേക നിരക്ക് നൽകേണ്ടി വരുമെന്നും പുതിയ നിർദ്ദേശത്തിൽ പ്രത്യേകം എടുത്തു പറയുന്നു.




