എല്‍പിഎസ്ടി സമരം: മുഖ്യമന്ത്രിയുടെ അവഗണനയിൽ പ്രതിഷേധിച്ച് നേതാവ് തലമുണ്ഡനം ചെയ്തു

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിന് മുൻപിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം കൂടുതൽ തീവ്രമാവുകയാണ്. നിരാഹാര സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന സമരസമിതി നേതാവ് ജയകൃഷ്ണൻ തല മുണ്ഡനം ചെയ്തുകൊണ്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം അധികൃതരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സമരം കടുപ്പിക്കാൻ ഇവർ തീരുമാനിച്ചത്. തല മുണ്ഡനം ചെയ്യുന്നത് കണ്ട് മുഖ്യമന്ത്രി സങ്കടപ്പെടേണ്ടതില്ലെന്നും, മറിച്ച് അത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത് തങ്ങൾക്ക് വലിയ വേദനയാണെന്നും ജയകൃഷ്ണൻ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും കടുത്ത അവഗണനയും ദുരിതവുമാണ് തങ്ങൾക്ക് നേരിടേണ്ടി വരുന്നത്. 138 ദിവസങ്ങളായി നീളുന്ന സമരമാണിത്. ഉന്നയിച്ച അഞ്ചു ആവശ്യങ്ങളിൽ നാലെണ്ണം പരിഗണിച്ചു എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, അതുകൊണ്ട് എൽപിഎസ്ടി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾക്ക് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമാണ് സർക്കാർ മെനയുന്നത്. ചർച്ചയിൽ കാര്യമായ പുരോഗതിയോ അനുകൂലമായ നടപടിയോ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ധനവകുപ്പിനെ ഉപയോഗിച്ച് മുഖ്യമന്ത്രി ഈ ആവശ്യങ്ങളെ അട്ടിമറിക്കുകയാണ്. സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള വെറും നാടകമാണ് ഇപ്പോൾ അരങ്ങേറുന്നതെന്ന് ജയകൃഷ്ണൻ കുറ്റപ്പെടുത്തി. നിരാഹാര സമരം പിൻവലിച്ചെങ്കിലും പ്രതിഷേധം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, സമരസമിതി നേതാവായ വളർമതിയും സമാനരീതിയിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.




