NEWS

യൂറോപ്പിലേക്ക് അഭയാർഥി പ്രവാഹം: കടലിൽ നിന്ന് 20 മൃതദേഹങ്ങൾ കണ്ടെടുത്തു, 60 പേരെ കാണാനില്ല

ഏഥൻസ്∙ യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റം മറ്റു പല ഭാഗങ്ങളിലും കുറഞ്ഞുവരികയാണെങ്കിലും, ഗ്രീസിലെ ക്രിറ്റ് ദ്വീപിലേക്ക് കുടിയേറാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഷ്യൻ, വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂട്ടത്തോടെ ഇവിടേക്ക് എത്തിച്ചേരുന്നത്.

കഴിഞ്ഞ വർഷം ആകെ 17,000 പേർ എത്തിയ സ്ഥാനത്ത്, ഈ വർഷത്തെ ആദ്യ പത്ത് മാസങ്ങൾ പിന്നിടുമ്പോഴേക്കും എത്തിയവരുടെ എണ്ണം 24,000 കടന്നു. ഇതോടെ ദ്വീപിന്റെ അതിർത്തികളിൽ യൂറോപ്യൻ യൂണിയന്റെ അതിർത്തി സുരക്ഷാ ഏജൻസിയായ ‘ഫ്രോണ്ടെക്സ്’ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഗ്രീക്ക് തീരസംരക്ഷണ സേനയുമായി ചേർന്ന് ഫ്രോണ്ടെക്സിന്റെ നാൽപ്പതിലേറെ ഉദ്യോഗസ്ഥരും പട്രോളിങ്ങിനായി ആറ് കപ്പലുകളും വിമാനങ്ങളും ഇപ്പോൾ സജ്ജമാണ്. കൂടാതെ, ക്രിറ്റിലെ ടിംപാകി വ്യോമതാവളത്തിൽ നിന്ന് ‘ഹെറോൺ 1’ എന്ന അത്യാധുനിക ഡ്രോണും നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്. തുടർച്ചയായി 20 മണിക്കൂറിലധികം ആകാശത്ത് നിലയുറപ്പിക്കാൻ ശേഷിയുള്ള ഈ ഡ്രോൺ വഴി ലഭിക്കുന്ന തത്സമയ ദൃശ്യങ്ങൾ ഗ്രീക്ക് തീരസംരക്ഷണ സേനയ്ക്ക് വലിയ സഹായമാണ്.

അപകടകരമാംവിധം ആളുകളെ കുത്തിനിറച്ച് വരുന്ന ബോട്ടുകളെ നേരത്തെ തന്നെ തിരിച്ചറിയാനും, അതുവഴി വൻ ദുരന്തങ്ങൾ ഒഴിവാക്കാനും ഈ നിരീക്ഷണ സംവിധാനങ്ങൾ സഹായിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു.

Fashion ⏭️

Back to top button