NEWS

ഊട്ടിയിൽ തണുപ്പ് 4 ഡിഗ്രിയിലേക്ക്; പുൽമേടുകളിൽ മഞ്ഞ് വിരിഞ്ഞു

ഗൂഡല്ലൂർ: നീലഗിരിയുടെ മടിത്തട്ടിൽ തണുപ്പിന്റെ വരവറിയിച്ച് മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താപനില നാല് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതോടെ മലയോര മേഖല വെളുത്ത പുതപ്പണിഞ്ഞു. ബൊട്ടാണിക്കൽ ഗാർഡൻ, റേസ്കോഴ്സ് ഗ്രൗണ്ട്, കാന്തൽ, റെയിൽവേ സ്റ്റേഷൻ, തലൈകുന്ത എന്നിവിടങ്ങളിലാണ് മഞ്ഞ് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്. പുൽമേടുകളിൽ മഞ്ഞുകണങ്ങൾ നിറഞ്ഞുനിന്നത് മനോഹരമായൊരു ദൃശ്യവിരുന്നാണ് ഒരുക്കിയത്.

ഈ തണുപ്പുകാലം ആസ്വദിക്കാൻ വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കാണ് ഊട്ടിയിലേക്ക് ഉണ്ടായിരിക്കുന്നത്. പുലർച്ചെ മുതൽ തന്നെ തലൈകുന്തയിൽ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം, കടുത്ത മഞ്ഞുവീഴ്ച കാർഷിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പച്ചക്കറി കൃഷികളെയും തേയിലത്തോട്ടങ്ങളെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം. മഞ്ഞ് വീണ ശേഷം സൂര്യപ്രകാശം നേരിട്ട് പതിക്കുമ്പോൾ ചെടികൾ കരിഞ്ഞുണങ്ങാനുള്ള സാധ്യത ഏറെയാണ്. വിളകളെ സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജലസേചനവും കൃഷിയിടങ്ങളിൽ പുതയിടലും ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ കർഷകർ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്. മഴയുടെ അളവ് കുറവായതിനാൽ വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ചയുടെ തീവ്രത വർദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

Fashion ⏭️

Back to top button