NEWS

തുലാവർഷം ദുർബലം; സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ മലപ്പുറത്ത്

മലപ്പുറം ∙ വടക്കുകിഴക്കൻ കാലവർഷം പകുതിദൂരം പിന്നിടുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ജില്ലയായി മലപ്പുറം മാറിയിരിക്കുന്നു. ഒക്ടോബർ ഒന്നുമുതൽ ഇതുവരെയുള്ള ഔദ്യോഗിക കണക്കുകൾ പരിശോധിക്കുമ്പോൾ ജില്ലയിൽ ആകെ രേഖപ്പെടുത്തിയത് 251.5 മില്ലീമീറ്റർ മഴ മാത്രമാണ്. സാധാരണഗതിയിൽ ഈ കാലയളവിൽ 417 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. അതായത്, മഴയുടെ അളവിൽ 40 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തിലും സമാനമായ അവസ്ഥയായിരുന്നു ജില്ലയിൽ ഉണ്ടായിരുന്നത്. അന്ന് ലഭിക്കേണ്ട മഴയിൽ 27 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്.

തെക്കുപടിഞ്ഞാറൻ കാലവർഷം കൈവിട്ടെങ്കിലും വടക്കുകിഴക്കൻ മഴയിലൂടെ ആ കുറവ് നികത്താമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ ആ പ്രതീക്ഷകളും അസ്ഥാനത്തായതോടെ കടുത്ത വരൾച്ചയിലേക്ക് നാട് നീങ്ങുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. മഴയെ മാത്രം വിശ്വസിച്ചു മുന്നോട്ടുപോയ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. വടക്കുകിഴക്കൻ കാലവർഷത്തിലെ അനിശ്ചിതത്വം കാർഷികമേഖലയുടെ താളം തെറ്റിച്ചിരിക്കുന്നു. നെൽവിത്ത് വിതയ്ക്കുന്നതിനും ഇടവിള കൃഷികൾക്കും പ്രധാനമായും ആശ്രയിക്കുന്നത് ഈ മഴയെയാണ്. മഴ ലഭ്യത കുറഞ്ഞതോടെ കൃഷിരീതികൾ ആകെ അവതാളത്തിലായി.

സാധാരണഗതിയിൽ വാഴ, പച്ചക്കറി തുടങ്ങിയ കൃഷികൾക്ക് ജനുവരിക്ക് ശേഷമാണ് നനയ്ക്കാറുള്ളത്. വടക്കുകിഴക്കൻ കാലവർഷം കൃത്യമായി ലഭിക്കുന്നതിനാൽ അതുവരെ നനയുടെ ആവശ്യം ഉണ്ടാകാറില്ല. എന്നാൽ ഇത്തവണ മഴ വൻതോതിൽ കുറഞ്ഞതിനാൽ ജനുവരിയിൽ തുടങ്ങേണ്ട നനയ്ക്കൽ ജോലികൾ കർഷകർക്ക് ഇപ്പോൾ തന്നെ തുടങ്ങേണ്ടി വന്നിരിക്കുകയാണ്. ഇത് കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയും അധികച്ചെലവുമാണ് വരുത്തിവെക്കുന്നത്.

Fashion ⏭️

Back to top button