NEWS

ക്രിസ്മസ് വിപണിയിൽ തിരിച്ചടിയായി പക്ഷിപ്പനി; താറാവ്, കോഴി കർഷകർ പ്രതിസന്ധിയിൽ

ആലപ്പുഴ∙ ക്രിസ്മസ് വിപണിയെ ലക്ഷ്യമിട്ടു വളർത്തിയ താറാവുകളും കോഴികളും ഇക്കുറിയും പക്ഷിപ്പനി ഭീതിയിൽ. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് അമ്പലപ്പുഴയിലും ചെന്നിത്തലയിലുമായി പതിനെണ്ണായിരത്തിലധികം പക്ഷികളെയാണ് അടുത്തിടെ അധികൃതർ കൊന്നൊടുക്കിയത്. പലയിടങ്ങളിലും വിൽപ്പന കർശനമായി നിരോധിച്ചതോടെ കച്ചവടക്കാരും കർഷകരും വലിയൊരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 2006 മുതൽ ക്രിസ്മസ് സീസൺ എത്തുമ്പോഴേക്കും പക്ഷിപ്പനി പതിവ് അതിഥിയായി മാറുന്നുണ്ടെന്ന് കർഷകർ വേദനയോടെ ഓർക്കുന്നു.

പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിലൂടെ (കള്ളിങ്) കർഷകർക്കുണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. ചെറിയൊരു താറാവ് ഫാമിൽ പോലും കുറഞ്ഞത് അയ്യായിരത്തോളം പക്ഷികൾ ഉണ്ടാകും. മാസങ്ങളോളം ഇവയ്ക്ക് തീറ്റ നൽകി പരിപാലിച്ചതിന്റെ പാതി ചെലവ് പോലും നഷ്ടപരിഹാരമായി ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ലഭിക്കുമെന്നു പറയുന്ന നഷ്ടപരിഹാരത്തുക തന്നെ മാസങ്ങൾ കഴിഞ്ഞാണ് കൈകളിലെത്തുന്നതെന്നും കർഷകർ പറയുന്നു. ഈസ്റ്റർ സീസണിൽ താറാവ് വിപണി ഉഷാറാകാറുണ്ടെങ്കിലും ആ സമയത്ത് പക്ഷിപ്പനിയുടെ ഭീഷണിയില്ലെന്നത് മാത്രമാണ് ഏക ആശ്വാസം.

‘‘പക്ഷികളെ ചുട്ടുകൊല്ലുന്നതല്ലാതെ ഞങ്ങളുടെ കഷ്ടപ്പാടിന് പരിഹാരം കാണാൻ അധികൃതർ ഒട്ടും താൽപ്പര്യം കാണിക്കുന്നില്ല. കൃത്യമായ പഠനങ്ങളോ നടപടികളോ ഇതിന്റെ പിന്നിൽ നടക്കുന്നില്ല’’– ഒരു താറാവ് കർഷകൻ പരാതിപ്പെടുന്നു. ‘‘രോഗലക്ഷണങ്ങൾ കണ്ട് സാമ്പിൾ പരിശോധനയ്ക്ക് അയച്ചാലും ഫലം വരാൻ ചുരുങ്ങിയത് പത്തു ദിവസമെങ്കിലും വേണ്ടിവരും. അപ്പോഴേക്കും മറ്റ് പക്ഷികളും ചത്തൊടുങ്ങും. പരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ അനിവാര്യമാണ്.’’

രോഗബാധ കണ്ടെത്തിയ കേന്ദ്രങ്ങൾക്ക് പത്ത് കിലോമീറ്റർ ചുറ്റളവിൽ ഏർപ്പെടുത്തിയ വിൽപന നിരോധനം ചെറുകിട കച്ചവടക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. നിരോധനം പിൻവലിക്കുന്നത് വരെ താറാവുകൾക്ക് തീറ്റ നൽകേണ്ടി വരുന്നത് കർഷകരെ കൂടുതൽ കടക്കെണിയിലാക്കും.

മുട്ടയ്ക്കും കടുത്ത ക്ഷാമം; നിലവിൽ കേരളത്തിലെ വിപണിയിൽ താറാമുട്ടയ്ക്ക് വലിയ ദൗർലഭ്യമാണ് അനുഭവപ്പെടുന്നത്. കുട്ടനാട്ടിലെ ഉൽപാദനം മാത്രം വിപണിയുടെ ആവശ്യം നിറവേറ്റാൻ തികയുന്നില്ല. ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നും മുട്ടകൾ എത്തുന്നുണ്ടെങ്കിലും ദീർഘദൂര യാത്ര കാരണം അവ വേഗത്തിൽ കേടായിപ്പോകുന്നതിനാൽ കച്ചവടക്കാർ അത്തരം മുട്ടകൾ വാങ്ങാൻ മടിക്കുകയാണ്.

Fashion ⏭️

Back to top button