LIFESTYLE

സ്വത്തവകാശം നിഷേധിക്കുന്നു; സഹോദരൻ ആധാരം കൈവശപ്പെടുത്തിയാൽ നിയമനടപടികൾ എന്ത്?

എന്റെ പിതാവിന് അഞ്ച് മക്കളാണുള്ളത്. പിതാവിന്റെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ ആധാരം നിലവിൽ എന്റെ മൂത്ത സഹോദരന്റെ പക്കലാണ്. നിയമപരമായി പിതാവിന്റെ സ്വത്തിൽ അഞ്ച് മക്കൾക്കും തുല്യമായ അവകാശമുണ്ടെങ്കിലും, അത് വീതിച്ചുനൽകാൻ മൂത്ത സഹോദരൻ ഒരുവിധത്തിലും സഹകരിക്കുന്നില്ല. ഇക്കാരണത്താൽ എന്റെ ന്യായമായ പങ്ക് എനിക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ, എന്റെ അവകാശം നേടിയെടുക്കുന്നതിനായി ഞാൻ സ്വീകരിക്കേണ്ട നിയമപരമായ വഴികൾ എന്തെല്ലാമാണ്?

പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തുക്കൾ സ്വാഭാവികമായും നിയമപരമായ അവകാശികൾക്ക് വീതിച്ചുനൽകേണ്ടതാണ്. ആധാരത്തിന്റെ ഒറിജിനൽ മൂത്ത സഹോദരന്റെ കൈവശമാണെന്നതുകൊണ്ട് മാത്രം മറ്റ് സഹോദരങ്ങളുടെ അവകാശങ്ങൾ ഇല്ലാതാകുന്നില്ല. താങ്കൾക്ക് അർഹതപ്പെട്ട വിഹിതം നേടിയെടുക്കാൻ താഴെ പറയുന്ന നടപടികൾ സ്വീകരിക്കാവുന്നതാണ്:

1. പിതാവ് വിൽപത്രം (Will) തയ്യാറാക്കാതെയാണ് മരിച്ചതെങ്കിൽ, അദ്ദേഹം മരിക്കുന്ന സമയത്ത് നിലവിലുണ്ടായിരുന്ന വ്യക്തിനിയമത്തിലെ പിന്തുടർച്ചാവകാശ വ്യവസ്ഥകൾ പ്രകാരം മക്കൾക്ക് സ്വത്തിൽ തുല്യ അവകാശമുണ്ട്. മക്കൾക്ക് പുറമേ പിതാവിന്റെ ഭാര്യയ്ക്കും മാതാവിനും നിയമപരമായി അവകാശമുണ്ടാകും. ഓരോരുത്തർക്കും ലഭിക്കേണ്ട കൃത്യമായ ഓഹരി അതാത് വ്യക്തിനിയമങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും നിശ്ചയിക്കപ്പെടുക.

2. സ്വത്തിന്റെ ആധാരം കയ്യിലില്ല എന്നത് താങ്കളുടെ അവകാശം സ്ഥാപിക്കുന്നതിന് തടസ്സമല്ല. ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് (Certified Copy) ഏതു സമയത്തും ലഭ്യമാക്കാവുന്നതാണ്.

3. സ്വത്തുക്കൾ നിയമപരമായി വീതിക്കണമെന്നും താങ്കളുടെ വിഹിതം കൈമാറണമെന്നും ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ മുഖേന മൂത്ത സഹോദരന് വക്കീൽ നോട്ടീസ് അയക്കുക എന്നതാണ് ആദ്യഘട്ടം. സഹോദരങ്ങൾ തമ്മിൽ ചർച്ചകളിലൂടെ ധാരണയിലെത്തുകയാണെങ്കിൽ, നിയമാനുസൃതമായ ഭാഗപത്രം (Partition Deed) രജിസ്റ്റർ ചെയ്ത് സ്വത്ത് വിഭജിക്കാവുന്നതാണ്. കോടതി കയറാതെ വിഷയം തീർക്കാൻ ഇത് ഏറ്റവും നല്ല മാർഗ്ഗമാണ്.

4. വക്കീൽ നോട്ടീസ് നൽകിയിട്ടും സഹോദരൻ സ്വത്ത് വിഭജിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ, സിവിൽ കോടതിയിൽ പാർട്ടീഷൻ സ്യൂട്ട് (Partition Suit) ഫയൽ ചെയ്യുക മാത്രമാണ് ഏക പോംവഴി. മറ്റ് സഹോദരങ്ങൾ കൂടി താങ്കൾക്കൊപ്പം നിൽക്കുകയാണെങ്കിൽ കേസ് നടപടികൾ കൂടുതൽ എളുപ്പമാകും. സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് ലഭിച്ച ആധാരത്തിന്റെ പകർപ്പും മറ്റ് അനുബന്ധ രേഖകളും ഹാജരാക്കി താങ്കളുടെ നിയമപരമായ അവകാശം കോടതിയിൽ തെളിയിക്കാനും സ്വത്തിൽ അർഹമായ വിഹിതം നേടിയെടുക്കാനും സാധിക്കും.

Cinema ⏭️

Back to top button