കുവൈത്തിലെ യുഎസ് വ്യോമത്താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം

ദുബായ് ∙ ബഹ്‌റൈന് പിന്നാലെ കുവൈത്തിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിലും ഇറാൻ മിസൈൽ ആക്രമണം അഴിച്ചുവിട്ടു. കുവൈറ്റിലെ അലി അൽ സലീം വ്യോമത്താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. ഹോർമുസ് മേഖലയിലെ ഖിഷെം ദ്വീപിലുള്ള തങ്ങളുടെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിനുള്ള മറുപടിയാണിതെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം, ബഹ്‌റൈനിലെ യുഎസ് താവളം ലക്ഷ്യമാക്കി എത്തിയ ഡ്രോണുകളെ സേന വെടിവച്ചിട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബഹ്‌റൈന് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
ഹോർമുസ് കടലിടുക്കിൽ അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) എണ്ണ ടാങ്കറിന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായി. ഈ സംഭവത്തിൽ പതിനൊന്ന് ജീവനക്കാർക്ക് പരുക്കേൽക്കുകയും, ഒരാളെ കടലിൽ കാണാതാവുകയും ചെയ്തു. ഇതിനുപുറമെ, ലൈബീരിയൻ പതാകയുമായി സഞ്ചരിച്ചിരുന്ന ‘എംടി നാവിഗ്8 മെസ്സി’ എന്ന എണ്ണക്കപ്പലിന് നേരെയും ഡ്രോൺ ആക്രമണം നടന്നു. കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികരിൽ ഒരാൾക്ക് നിസ്സാരമായി പരുക്കേറ്റതായാണ് ഔദ്യോഗിക വിവരം.




