NEWS

തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു: ചികിത്സപ്പിഴവെന്ന് ബന്ധുക്കളുടെ പരാതി

ചവറ (കൊല്ലം) ∙ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു പിന്നാലെ യുവതി മരണപ്പെട്ട സംഭവം ചികിത്സാപ്പിഴവാണെന്നാരോപിച്ച് ബന്ധുക്കൾ രംഗത്ത്. തേവലക്കര മുള്ളിക്കാല വടക്ക് അനിൽ ഭവനിൽ താമസിക്കുന്ന അനിൽകുമാറിന്റെ ഭാര്യ ഉദയലക്ഷ്മി (42) ആണ് മരിച്ചത്.

ഈ മാസം 16-ന് ചെങ്ങന്നൂർ കൊല്ലകടവ് ചെറിയനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഉദയലക്ഷ്മിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റിയിരുന്നു. തുടർന്ന് ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ചികിത്സ നൽകുന്നതിനിടെയാണ് ദാരുണാന്ത്യം സംഭവിച്ചത്. രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന നിർദേശം ബന്ധുക്കൾക്ക് ലഭിച്ചിരുന്നു.

എന്നാൽ, ഐസിയുവിലേക്ക് മാറ്റിയ ഉദയലക്ഷ്മിയെ 17-ന് ഉച്ചയോടെ വീണ്ടും ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോവുകയായിരുന്നു. അധികം വൈകാതെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മരണം സംഭവിച്ചുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ വെൺമണി പൊലീസിൽ പരാതി നൽകി. താലൂക്ക് ആശുപത്രിയിൽ വെച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഇന്ന് ഉച്ചയ്ക്ക് 12-ന് സംസ്കാരം നടക്കും. വിദേശത്തായിരുന്ന ഭർത്താവ് അനിൽകുമാർ നാട്ടിലെത്തിയിട്ടുണ്ട്.

Fashion ⏭️

Back to top button