വിദേശികൾക്കുള്ള തൊഴിൽ അവസരങ്ങളിൽ നിയന്ത്രണം: കർശന വ്യവസ്ഥകളുമായി തൊഴിൽ മന്ത്രാലയം

വാഷിങ്ടൻ ∙ വിദേശ പൗരന്മാർക്ക് അമേരിക്കയിൽ സ്ഥിരതാമസത്തിന് അവസരമൊരുക്കുന്ന ഗ്രീൻകാർഡ് അനുവദിക്കുന്നതിലെ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കാൻ യുഎസ് ഭരണകൂടം തയാറെടുക്കുന്നു. വീസാനടപടികളിൽ നിർണായകമായ ഭേദഗതികൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്മെന്റ് (പിഇആർഎം) തൊഴിൽവകുപ്പ് പുറത്തിറക്കി.
നഴ്സുമാർ, ഫിസിക്കൽ തെറപ്പിസ്റ്റുകൾ തുടങ്ങി അതീവ പ്രാവീണ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വരെ സ്വദേശികൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്ന രീതിയിലാണ് പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ ചട്ടങ്ങൾ പരിഷ്കരിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ പ്രകാരം, ജോലി ഒഴിവുകൾ പരസ്യപ്പെടുത്തുമ്പോൾ അത് പ്രത്യേകമായി വിദേശികളെ മാത്രം ഉദ്ദേശിച്ചുള്ളതാകാൻ പാടില്ല. അമേരിക്കൻ പൗരന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്ന തരത്തിലുള്ള യോഗ്യതകളാണ് ഇത്തരം തസ്തികകൾക്കായി നിശ്ചയിക്കേണ്ടത്. കൂടാതെ, തൊഴിൽ റിക്രൂട്ട്മെന്റ് നടപടികൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.




