കെഎസ്ആർടിസി ബസ് വാടകയിനത്തിൽ ഒരു മാസത്തിനിടെ ലഭിച്ചത് 2 ലക്ഷം രൂപ വരുമാനം

തിരുവനന്തപുരം∙ സ്വകാര്യ വ്യക്തികളിൽ നിന്നു വാടകയ്ക്ക് (വെറ്റ് ലീസ്) എടുത്ത ബസുകൾ കെഎസ്ആർടിസിക്ക് ലാഭകരമാകുന്നുവെന്നതിന്റെ സൂചനകൾ പുറത്ത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം ബസുകളിൽ നിന്നു മാത്രം കോർപറേഷന് ലഭിച്ചത് ഏകദേശം രണ്ടു ലക്ഷം രൂപയാണ്.
വിവിധ ഇടങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന അഞ്ച് എസി ബസുകളുടെ കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഈ ബസുകൾക്ക് വാടക ഇനത്തിൽ 1,00,85,011 രൂപ ചെലവായപ്പോൾ, ടിക്കറ്റ് വിൽപനയിലൂടെ 1,02,71,847 രൂപ വരുമാനമായി ലഭിച്ചു. ഇതുവഴി 1,86,836 രൂപയുടെ അധിക വരുമാനമാണ് കെഎസ്ആർടിസി കരസ്ഥമാക്കിയത്.
നേരത്തെ കിലോമീറ്ററിന് 64 രൂപ നിരക്കിലായിരുന്നു ബസുകൾ വാടകയ്ക്ക് എടുത്തിരുന്നതെങ്കിൽ, നിലവിൽ 53 രൂപ എന്ന കുറഞ്ഞ നിരക്കിൽ എസി ബസുകൾ ലഭ്യമാണ്. പുതുക്കിയ ഈ നിരക്കിൽ കൂടുതൽ ബസുകൾ സർവീസിനിറക്കുന്നതോടെ കോർപറേഷന്റെ വരുമാനത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്; കിലോമീറ്ററിന് 70.02 രൂപ വീതമാണ് ഇതിന്റെ വരുമാന നിരക്ക്.




