തോക്കുചൂണ്ടി ജ്വല്ലറി കവർച്ച: നിമിഷങ്ങൾക്കുള്ളിൽ ആഭരണങ്ങൾ കവർന്ന് സംഘം കടന്നു കളഞ്ഞു

ബിഹാറിലെ ബെട്ടിയയിലുള്ള പ്രമുഖ ജ്വല്ലറിയിൽ വൻ കവർച്ച നടന്നതായി റിപ്പോർട്ട്. സെങ്കോ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഷോറൂമിലാണ് ആയുധധാരികളായ സംഘം അതിക്രമിച്ചു കയറിയത്. കോടികൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും കവർച്ചാസംഘം അപഹരിച്ചു. പണവും ഇവർ കൈക്കലാക്കിയിട്ടുണ്ട്.
മൂന്ന് ബൈക്കുകളിലായെത്തിയ എട്ടുപേരടങ്ങുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. ഷോറൂമിലേക്ക് ഇരച്ചുകയറിയ അക്രമികൾ തോക്കുകളും മാരകായുധങ്ങളും ചൂണ്ടി ജീവനക്കാരെയും ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് എല്ലാവരുടെയും കൈകൾ കെട്ടിയിട്ട ശേഷം മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി ഒരു മുറിയിലേക്ക് മാറ്റി. ഇതിനുശേഷമാണ് ലോക്കറുകൾ തകർത്ത് സ്വർണ്ണവും വെള്ളിയും പണവും സംഘം കൊള്ളയടിച്ചത്.
വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അക്രമികളെക്കുറിച്ച് സൂചന ലഭിക്കുന്നതിനായി ഷോറൂമിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.




