NEWS

യുവതിക്കൊപ്പം മുറിയെടുത്ത യുവാവിന്റെ ബാഗിൽ കഞ്ചാവ് വെച്ചു; കുടുക്കാൻ ശ്രമിച്ച പോലീസുകാരെ സിസിടിവി ദൃശ്യങ്ങൾ കുടുക്കി

ഭോപാൽ∙ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന യുവാവിനെ കുടുക്കാൻ വ്യാജമായി ലഹരിക്കേസ് ചുമത്താൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ പിടിയിലായി. മധ്യപ്രദേശിലെ സിയോണി ജില്ലയിൽ നവംബർ 13-നാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. അഡീഷനൽ സൂപ്രണ്ടന്റ് ഓഫ് പൊലീസ് ആയ ദീപക് മിശ്രയാണ് യുവതിയോടൊപ്പം മുറിയെടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്യാനായി എത്തിയത്.

മുറിക്കുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നത്. ഇവർ പ്രായപൂർത്തിയായവരാണെന്നും ഒരേ സമുദായത്തിൽപ്പെട്ടവരായതിനാൽ വിവാഹം കഴിക്കാൻ തീരുമാനിച്ചവരാണെന്നും യുവതി ഉദ്യോഗസ്ഥനോട് വിശദീകരിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും വകവെക്കാതെ പെൺകുട്ടിയുടെ വീട്ടുകാരെ വിളിക്കാൻ ഉദ്യോഗസ്ഥൻ നിർബന്ധിക്കുകയായിരുന്നു.

ഫോൺ ലോക്ക് തുറന്നുനൽകാൻ ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് തയ്യാറായില്ല. ഇതിനിടെ, കൂടെയുണ്ടായിരുന്ന പൊലീസുകാരനോട് യുവാവിന്റെ ബാഗിൽ മയക്കുമരുന്ന് നിക്ഷേപിക്കാൻ ദീപക് മിശ്ര രഹസ്യമായി നിർദ്ദേശം നൽകുന്നത് വിഡിയോയിൽ വ്യക്തമായി കേൾക്കാം. ‘അവന്റെ ബാഗിൽ കഞ്ചാവ് വെക്ക്’ എന്ന് ഇയാൾ പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീട്ടുകാരുടെ സമ്മതമില്ലാതെ ഹോട്ടലിൽ മുറിയെടുത്തതിന് ഇരുവരെയും രൂക്ഷമായ ഭാഷയിൽ ശാസിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും.

Fashion ⏭️

Back to top button