എം.എസ്. ധോണി: സമ്മർദങ്ങളെ കീഴടക്കിയ നായകൻ; മഞ്ഞപ്പടയുടെ ചരിത്ര വിജയങ്ങൾ

രണ്ടര പതിറ്റാണ്ടുകാലം നീണ്ട തന്റെ കരിയറിൽ ഇന്ത്യൻ ടീമിനെയും ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനെയും നയിച്ചു എന്നതുകൊണ്ട് മാത്രമൊന്നുമല്ല ധോണി ആരാധകരുടെ ‘തല’യായി മാറിയത്. എതിരാളികളുടെ നീക്കങ്ങൾ മുൻകൂട്ടി കണ്ട്, കൃത്യമായ തന്ത്രങ്ങളിലൂടെ കളിയെ നിയന്ത്രിച്ചിരുന്ന ഒരു പ്രതിഭയായിരുന്നു അദ്ദേഹം. വിക്കറ്റ് കീപ്പിങ്ങിന്റെ കഠിനമായ ഉത്തരവാദിത്തങ്ങൾക്കിടയിലും ക്യാപ്റ്റൻ എന്ന നിലയിലുള്ള സമ്മർദ്ദം തോളിലേറ്റിയ ധോണി, ബാറ്റിങ്ങിൽ എത്തുമ്പോൾ മിക്കപ്പോഴും കളിയുടെ ഗതി നിർണ്ണയിക്കുന്ന ഫിനിഷറുടെ വേഷമായിരുന്നു കൈകാര്യം ചെയ്തിരുന്നത്.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ച് ആ സിക്സർ പറത്തിക്കൊണ്ട് ധോണി കളി ഫിനിഷ് ചെയ്ത നിമിഷം, തന്റെ ജീവിതത്തിൽ അവസാനമായി ഒന്നു കൂടി കാണാൻ ആഗ്രഹിക്കുന്ന കാഴ്ചയാണെന്ന് ഇതിഹാസ താരം സുനിൽ ഗാവസ്കർ വരെ വാഴ്ത്തിയിട്ടുണ്ട്. തന്നെ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ച സച്ചിൻ ടെണ്ടുൽക്കർക്ക് ധോണി സമർപ്പിച്ച ഒരു ഉപഹാരം കൂടിയായിരുന്നു ആ മനോഹരമായ ഇന്നിങ്സ്. സച്ചിൻ പോലും താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റൻ ധോണിയാണെന്ന് തുറന്നു സമ്മതിച്ചിട്ടുണ്ട്.
ഫുട്ബോൾ ലോകത്ത് മഞ്ഞ ജഴ്സിയെ വിശ്വപ്രസിദ്ധമാക്കിയത് പെലെ മുതൽ നെയ്മാർ വരെയുള്ള ബ്രസീലിയൻ താരങ്ങളുടെ സാംബാ താളത്തിലുള്ള മുന്നേറ്റങ്ങളാണ്. അതേസമയം ഏഴാം നമ്പർ ജഴ്സിയെ ലോകമെമ്പാടും ആരാധകർ നെഞ്ചേറ്റിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെയുമാണ്. ഈ രണ്ട് പ്രതീകങ്ങളും ക്രിക്കറ്റ് ലോകത്ത് ഒത്തുചേർന്നത് ധോണി എന്ന വ്യക്തിത്വത്തിലാണ്. അതാണ് ഇനി ചരിത്രത്തിന്റെ ഭാഗമായി മാറുന്നത്.




