അനന്യ ബിർളയുടെ കൊട്ടാരസദൃശ്യമായ ആഡംബര വസതി: സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ചിത്രങ്ങൾ

പ്രശസ്ത ചലച്ചിത്ര സംവിധായികയും നൃത്യസംവിധായികയുമായ ഫറാ ഖാനും അവരുടെ പാചകക്കാരൻ ദിലീപും ചേർന്ന് ഗായികയും സംഗീതസംവിധായികയും സംരംഭകയുമായ അനന്യ ബിർളയുടെ മുംബൈയിലെ ആഡംബര വസതിയിൽ നടത്തിയ സന്ദർശനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ആഗോള സമ്പന്നരുടെ പട്ടികയിൽ 115-ാം സ്ഥാനത്ത് നിൽക്കുന്ന പ്രമുഖ വ്യവസായി കുമാർ മംഗലം ബിർളയുടെ മകളാണ് അനന്യ. ബ്ലൂംബെർഗിന്റെ റിപ്പോർട്ടുകൾ പ്രകാരം 22 ബില്യൻ ഡോളറാണ് കുമാർ മംഗലം ബിർളയുടെ ആസ്തി. കൊട്ടാരസദൃശമായ ഈ വീട് പുരാതന പ്രൗഢിയും ആധുനിക സൗകര്യങ്ങളും ഒത്തുചേർന്ന അതിമനോഹരമായ ഒരു വാസ്തുവിദ്യാ വിസ്മയമാണ്. യൂറോപ്യൻ ശൈലിയിലുള്ള ലിവിങ് ഏരിയയുടെ പ്രവേശന കവാടത്തിൽ തന്നെ ഗണപതി വിഗ്രഹം സ്ഥാപിച്ചിരിക്കുന്നു. ഇതിനടുത്തായി ഔദ്യോഗിക കൂടിക്കാഴ്ചകൾക്കായി സജ്ജീകരിച്ചിരിക്കുന്ന മനോഹരമായ സ്വീകരണമുറിയുമുണ്ട്. വീടിന്റെ ഉൾഭാഗങ്ങൾ മുഴുവൻ ഇളം വെള്ള നിറത്തിലുള്ള പ്രകാശത്താൽ സമ്പന്നമാണ്. മാർബിളും തടിയും ഉപയോഗിച്ചുള്ള നിർമ്മാണം വീടിന് കാലാതീതമായ ഒരു ഗാംഭീര്യം നൽകുന്നു.
‘ഇതൊരു ജെയിംസ് ബോണ്ട് ചിത്രത്തിലെ സെറ്റ് പോലെ തോന്നിക്കുന്നു, ഇവിടെ നിന്ന് പോകാൻ എനിക്ക് തോന്നുന്നില്ല!’ താഴത്തെ നിലയിലെ ലിവിങ് റൂം കണ്ട ഉടൻ തന്നെ ഫറാ ഖാൻ അത്ഭുതം പ്രകടിപ്പിച്ചു. ബ്രൗൺ നിറത്തിന്റെ വ്യത്യസ്ത ഷേഡുകൾ ഉപയോഗിച്ച് മനോഹരമാക്കിയ ഈ മുറിയിൽ മാർബിളും തടിയും പാകിയ തറയാണുള്ളത്. തവിട്ടുനിറത്തിലുള്ള സോഫകളും, ആഡംബരപൂർണ്ണമായ ഷാൻഡലിയറുകളും, പ്രത്യേകം തെരഞ്ഞെടുത്ത പുരാവസ്തുക്കളും ചേർന്ന് മുറിക്ക് യൂറോപ്യൻ ശൈലിയിലുള്ള രാജകീയ ഭാവം നൽകുന്നു.
ചരിത്രവും കലയും ഇഴചേർന്ന വീടിന്റെ ചുവരുകൾ ഇന്ത്യൻ കലാചരിത്രത്തിന്റെയും സ്വാതന്ത്ര്യത്തിന് മുൻപുള്ള വ്യാവസായിക പൈതൃകത്തിന്റെയും സാക്ഷ്യപത്രമാണ്. വിഖ്യാത ചിത്രകാരൻ എം.എഫ്. ഹുസൈന്റെ കൂറ്റൻ പെയിന്റിങ്ങുകളും മാസ്റ്റർപീസുകളും ഇവിടെ അലങ്കാരമായിട്ടുണ്ട്. ഇതിന്റെ മൂല്യത്തെക്കുറിച്ചും മോഷ്ടിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഉണ്ടാകാനിടയുള്ള രസകരമായ സന്ദർഭങ്ങളെക്കുറിച്ചും ഫറ തമാശരൂപേണ സംസാരിക്കുന്നു. ആദിത്യ വിക്രം ബിർള, ബി.കെ. ബിർള, ജി.ഡി. ബിർള തുടങ്ങിയ ബിർള കുടുംബത്തിന്റെ മുൻതലമുറകളുടെ ചിത്രങ്ങളും ഇവിടെ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. ‘എന്റെ കുടുംബത്തിലെ കഴിഞ്ഞ ഏഴ് തലമുറകളിൽ ജോലി ചെയ്യുന്ന ആദ്യത്തെ സ്ത്രീ ഞാനാണ്’, അനന്യ തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു. ബ്രിട്ടിഷ് ശൈലിയിലുള്ള രാജകീയ പ്രൗഢിയാണ് ഓരോ മുറിക്കുമുള്ളത്. വിലപിടിപ്പുള്ള പരവതാനികളും ക്ലാസിക് ഫർണിച്ചറുകളും വീടിന്റെ അന്തസ്സ് വർദ്ധിപ്പിക്കുന്നു.
അടുക്കളയിലേക്ക് കടക്കുമ്പോൾ വീടിന്റെ അന്തരീക്ഷം പൂർണ്ണമായും മാറുന്നു. പ്രകൃതിയുമായി ഇഴുകിച്ചേർന്ന, തുറസ്സായതും വെളിച്ചം നന്നായി കടക്കുന്നതുമായ ഒരിടമാണിത്. ആധുനികമായ ഓപ്പൺ കിച്ചൺ ശൈലിയും ക്ലാസിക് ശൈലിയുടെ ഊഷ്മളതയും സംയോജിക്കുന്ന ഈ അടുക്കള കുടുംബാംഗങ്ങൾ ഒത്തുചേരുന്ന പ്രധാന കേന്ദ്രം കൂടിയാണ്.




