കാട്ടിലെ ഒറ്റപ്പെട്ട വീട്ടിൽ 85-ാം വയസ്സിലും ഭവാനി; കൂട്ടിന് മൂന്ന് നായ്ക്കൾ മാത്രം

തിരുവനന്തപുരം ജില്ലയിലെ പാലോട്, വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായ കാടിനുള്ളിലെ ചെറിയൊരു കുടിലിലാണ് എൺപത്തിയഞ്ചുകാരിയായ ഭവാനി തനിച്ചു താമസിക്കുന്നത്. കാട്ടുപന്നിയും പോത്തും ആനയുമെല്ലാം നിത്യസന്ദർശകരായെത്തുന്ന ഈ ഒറ്റപ്പെട്ടയിടത്ത്, ഭവാനിയുടെ ഏക കൂട്ടുകാർ ഒപ്പമുള്ള മൂന്ന് നായ്ക്കളാണ്. പഴയൊരു റേഡിയോയിൽ വാർത്തകളും പാട്ടുകളും കേട്ടും വെറ്റില ചവച്ചും ഭവാനി തന്റെ പകൽ സമയം ചെലവഴിക്കുന്നു. കട്ടിലോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത വീട്ടിൽ തറയിൽ പായ വിരിച്ചാണ് അന്തിയുറക്കം.
വിതുര, പെരിങ്ങമ്മല പഞ്ചായത്തുകൾ അതിരിടുന്ന ചെമ്പിക്കുന്നിന്റെ താഴ്വാരത്തുള്ള പള്ളിപ്പുരക്കരിക്കകം വനത്തിലാണ് ഈ ആദിവാസി വയോധികയുടെ താമസം. അകന്ന ബന്ധുക്കൾ ഇടയ്ക്കിടെ എത്തിച്ചു നൽകുന്ന ഭക്ഷണമാണ് ഭവാനിയും നായ്ക്കളും പങ്കുവെച്ച് കഴിക്കുന്നത്. സർക്കാർ നൽകുന്ന പെൻഷനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന മരുന്നുമാണ് ഈ വനവാസത്തിലെ ഏക ആശ്രയം. വർഷങ്ങൾക്ക് മുൻപേ ഭർത്താവ് മാത്തൻകാണിയും മകനും മരണപ്പെട്ടതോടെ ഭവാനി തീർത്തും ഒറ്റപ്പെടുകയായിരുന്നു. മരുമകൾ കൂടി ഉപേക്ഷിച്ചു പോയതോടെ ഈ കുടിലിലേക്ക് മാത്രമായി അവരുടെ ജീവിതം ഒതുങ്ങി.
വാർധക്യസഹജമായ അവശതകൾ അലട്ടുമ്പോഴും തന്റെ ജീവിതത്തെക്കുറിച്ചോ ഒറ്റപ്പെടലിനെക്കുറിച്ചോ ഭവാനിക്ക് ഒരു പരാതിയുമില്ല. പരിചിതമല്ലാത്ത ആരെങ്കിലും ഈ വീട്ടിലേക്ക് കടന്നുവന്നാൽ നായ്ക്കൾ കുരച്ചും തടഞ്ഞും തടസ്സമുണ്ടാക്കാറുണ്ട്. എന്നാൽ, അപ്പോഴെല്ലാം “അവരെ വിട്ടേക്കൂ, എന്നെ കൊണ്ടുപോകാൻ വന്നതല്ല” എന്ന് ഭവാനി ശാന്തമായി പറയുമ്പോൾ അവ അനുസരണയോടെ പിന്മാറുകയും ചെയ്യും. ഈ കാടും കുടിലും വിട്ടുപോരാൻ ഭവാനിക്ക് ഒട്ടും താൽപ്പര്യമില്ല.




