ജുനൈദിന്റെ മരണം: പിഴവുകൾ സംഭവിച്ച ശേഷം മാപ്പു പറഞ്ഞിട്ടെന്ത് കാര്യമെന്ന് പിതാവ്

തിരൂരങ്ങാടി ചെറുമുക്കിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റു പത്താം ക്ലാസ് വിദ്യാർഥി ദാരുണമായി മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉന്നതതല അന്വേഷണം ആരംഭിച്ചു. മന്ത്രിയുടെ കർശന നിർദേശത്തെ തുടർന്നാണ് ഈ നടപടി. ചെറുമുക്ക് വെസ്റ്റ് എറപറമ്പിൽ ശിഹാബുദ്ദീന്റെ മകൻ ജുനൈദ് (14) മരിച്ച സംഭവത്തിലാണ് ഔദ്യോഗിക അന്വേഷണം നടക്കുന്നത്.
കെഎസ്ഇബി നോർത്ത് റീജിയൻ ചീഫ് എൻജിനീയർ മായ തമ്പാൻ, തിരൂർ ഡപ്യൂട്ടി ചീഫ് എൻജിനീയർ വി.എ. മനോജ്, നോർത്ത് റീജിയൻ സേഫ്റ്റി കമ്മിഷൻ ഡപ്യൂട്ടി ചീഫ് എൻജിനീയർ ജുമൈല ബീവി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്നത്. തിരൂരങ്ങാടി ഡിവിഷൻ ഓഫിസിലെത്തിയ സംഘം ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ ശേഷം നേരിട്ട് ചെറുമുക്കിലെത്തി അപകടം നടന്ന സ്ഥലം പരിശോധിച്ചു.
സംഭവത്തെക്കുറിച്ച് വെന്നിയൂർ സെക്ഷൻ ഉദ്യോഗസ്ഥരിൽ നിന്നും പ്രദേശവാസികളിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ജുനൈദിന്റെ വസതിയിലെത്തി ബന്ധുക്കളെ കണ്ട സംഘം, കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഉറപ്പുനൽകി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറോട് ഇതിനകം വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്നും ചീഫ് എൻജിനീയർ മാധ്യമങ്ങളോട് വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വേഗത്തിൽ ലഭ്യമാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിനിടെ, വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ അടിയന്തരമായി അച്ചടക്കനടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും വിഷയത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവം സംബന്ധിച്ച് 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം ജില്ലാ കലക്ടർക്കും കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്കും കമ്മിഷൻ നിർദേശം നൽകി.




