കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ലഹരിമരുന്ന് സംഘത്തിനൊപ്പം പിടിയിൽ

മലപ്പുറം ∙ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായി കാപ്പ (KAPA) നിയമപ്രകാരം നാടുകടത്തപ്പെട്ട യുവാവ്, വിലക്ക് ലംഘിച്ച് ജില്ലയിൽ തിരിച്ചെത്തിയതിനെ തുടർന്ന് പൊലീസിന്റെ പിടിയിലായി. മുണ്ടുപറമ്പ് സ്വദേശി വിജയ് (28) ആണ് കോട്ടക്കൽ പൊലീസിന്റെ പിടിയിലായത്. തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായതിനെത്തുടർന്നാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്.
തൃശൂർ റേഞ്ച് ഡിഐജിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ മാസം അഞ്ചാം തീയതി മുതൽ ആറു മാസത്തേക്കാണ് ഇയാൾക്ക് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തിയിരുന്നത്. എന്നാൽ, നിയമപരമായ ഈ വിലക്ക് അവഗണിച്ച് ഇയാൾ രഹസ്യമായി ജില്ലയിൽ എത്തുകയായിരുന്നു. പൊന്മള നെല്ലോളി പറമ്പിലെ ഒരു വാടകവീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഉപയോഗവും വിൽപനയും നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഈ സമയം പ്രതിയോടൊപ്പം ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന കോഡൂർ സ്വദേശി അൽത്താഫ് (24), കൂട്ടിലങ്ങാടി സ്വദേശി സൽമാനുൽ ഫാരിസ്, ചേങ്ങോട്ടൂർ സ്വദേശി സൂഫിയാൻ, ബംഗാൾ സ്വദേശി അൽ അമീൻ എന്നിവരും പൊലീസിന്റെ പിടിയിലായി. ഇവർ കൈവശം വെച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്ത പൊലീസ്, പ്രതികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.




