NEWS

ചാല കവർച്ച: ഹോട്ടലിലെ ഗൂഢാലോചനയും നാല് ലക്ഷം അഡ്വാൻസും; വെള്ളായണിയിൽ കുഴിച്ചിട്ട 146 പവൻ കണ്ടെടുത്തു

തിരുവനന്തപുരം: ചാലയിലെ ജ്വല്ലറി ഉടമ നന്ദകുമാറിനെ ആക്രമിച്ച് കവർന്ന രണ്ട് കിലോയോളം സ്വർണത്തിൽ, 146 പവൻ വെള്ളായണി ക്ഷേത്രത്തിന് സമീപമുള്ള വിജനമായ പറമ്പിൽ നിന്നും പൊലീസ് കണ്ടെടുത്തു. പിടിയിലായ പ്രതികളിലൊരാളായ അനൂപ് നൽകിയ വിവരമനുസരിച്ചാണ് ഒളിപ്പിച്ച നിലയിലുണ്ടായിരുന്ന സ്വർണം പൊലീസ് കുഴിച്ചെടുത്തത്.

നേരത്തെ, തങ്ങൾ രണ്ട് കിലോ സ്വർണം കവർന്നിട്ടില്ലെന്നും, കഴിഞ്ഞ ദിവസം വയനാട്ടിൽ വെച്ച് കാറിൽ നിന്ന് പിടിച്ചെടുത്ത 450 ഗ്രാം സ്വർണം മാത്രമാണ് തങ്ങളുടെ കൈവശമുണ്ടായിരുന്നതെന്നുമുള്ള പ്രതികളുടെ വാദം ഇതോടെ പൊളിഞ്ഞു. ഇത്രയും സ്വർണം കണ്ടെത്തിയതോടെ വീണ്ടെടുത്ത സ്വർണത്തിന്റെ ആകെ അളവ് 202 പവനായി ഉയർന്നു.

കേസിലെ പ്രതികളായ അമോൽ, അനിൽ, അനൂപ് രാജ്, ആന്റണി, ദിലീപ്, ശ്രാവൺ എന്നിവരെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് സ്വർണം ഒളിപ്പിച്ച വിവരങ്ങൾ പുറത്തുവന്നത്. ഏഴ് ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. കവർച്ചാ ആസൂത്രണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മാളവിക ജ്വല്ലറി ഉടമ ജയറാമിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചു. കവർച്ചയുടെ മുഖ്യ സൂത്രധാരൻ ജയറാം ആണെന്ന് പ്രതികളായ അനൂപും അമോലും മൊഴി നൽകിയിട്ടുണ്ട്.

Fashion ⏭️

Back to top button