വീരമണിയുടെ പൂന്തോട്ടത്തിൽ പെൺകുട്ടിയുടെ മൃതദേഹം തിരഞ്ഞ് ഏഴ് മണിക്കൂർ നീണ്ട പോലീസ് പരിശോധന

ചെന്നൈ∙ പോക്സോ കേസിൽ പ്രതിയായ ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണിയുടെ വസതിയിൽ പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തി. ഞായറാഴ്ച നീണ്ട ഏഴ് മണിക്കൂറോളം റോയപ്പേട്ടയിലുള്ള ഇദ്ദേഹത്തിന്റെ ബംഗ്ലാവിലെ പൂന്തോട്ടത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. വീടിന്റെ പല ഭാഗങ്ങളിലും മണ്ണ് മാന്തി പരിശോധന നടത്തിയെങ്കിലും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് സംഘവും നേരിട്ടെത്തിയാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. സംഭവം അറിഞ്ഞ് വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടിയതോടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ സാന്നിധ്യം കൂടിയതോടെ, ആളുകളെ ഗേറ്റിന് പുറത്തേക്ക് മാറ്റിയ പൊലീസ്, പ്രദേശം ടാർപ്പോളിൻ ഉപയോഗിച്ച് മറച്ച ശേഷമാണ് കുഴിയെടുക്കൽ ആരംഭിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തി വീടിന്റെ വളപ്പിൽ കുഴിച്ചിട്ടുണ്ടെന്ന് കേസിലെ ഇരകളിലൊരാൾ വെളിപ്പെടുത്തിയെന്ന വിവരത്തെത്തുടർന്നായിരുന്നു പൊലീസ് നടപടി.




