ചിക്കൻ കറിയേക്കാൾ വില മുരിങ്ങക്കായ്ക്ക്; കിലോയ്ക്ക് 180 രൂപയായി ഉയർന്നു

പാലക്കാട് ∙ ഒരു നേരത്തെ സാമ്പാറും ചോറും കഴിക്കണമെന്നു വിചാരിച്ചാൽ സാധാരണക്കാരന്റെ കീശ കീറും. അരിക്കു മാത്രമല്ല, പച്ചക്കറികൾക്കും പൊള്ളുന്ന വിലയാണ് വിപണിയിൽ. ഒരു കിലോ ചിക്കന് 145 രൂപയുള്ളപ്പോൾ, കിലോയ്ക്ക് 180 രൂപയാണ് മുരിങ്ങക്കായക്ക്. ചുരുക്കത്തിൽ, ചിക്കൻ കറിയുണ്ടാക്കുന്നതിനേക്കാൾ ചെലവേറിയ കാര്യമായി സാമ്പാർ വെപ്പ് മാറിയിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം പച്ചക്കറികളുടെ വിലയിൽ 5 മുതൽ 70 രൂപ വരെയാണ് വർധനവുണ്ടായത്. അരി വിലയിലും 10 രൂപ വരെ അധികം നൽകേണ്ട അവസ്ഥയാണ്.
ഏഴ് ദിവസം മുൻപ് കിലോയ്ക്ക് 80 രൂപയുണ്ടായിരുന്ന മുരിങ്ങക്കായയുടെ വില ഒറ്റയടിക്ക് 180 രൂപയിലെത്തി. 160 രൂപയിൽ നിന്ന വെളുത്തുള്ളി വിലയാകട്ടെ 220 മുതൽ 240 രൂപ വരെയായി ഉയർന്നു. തക്കാളി, പച്ചമുളക്, സവാള, പാവയ്ക്ക, ബീൻസ് തുടങ്ങിയ ഇനങ്ങളുടെ വിലയിലും 7 മുതൽ 20 രൂപ വരെ വർധനവ് രേഖപ്പെടുത്തി. ഒരാഴ്ച മുൻപ് 120 രൂപയ്ക്ക് ലഭിച്ചിരുന്ന ചെറിയുള്ളിക്ക് ഇപ്പോൾ 170 രൂപയാണ് വില. സവാളയുടെ ചില്ലറ വിലയാകട്ടെ കിലോയ്ക്ക് 65 മുതൽ 77 രൂപ വരെയായി കുതിച്ചുയർന്നു.
‘പൊന്നുപോലെ’ വിലയേറിയ അരി; രണ്ടാഴ്ചയ്ക്കുള്ളിൽ പൊന്നി അരിക്ക് വർധിച്ചത് 10 രൂപയാണ്. 48 രൂപയുണ്ടായിരുന്ന പൊന്നി അരിക്ക് ഇന്നലെ 58 രൂപ നൽകേണ്ടി വന്നു. 48 രൂപയിൽ നിന്ന മട്ട അരിയാകട്ടെ 54 രൂപയായി ഉയർന്നു. ജ്യോതി അരിക്കു 6 രൂപ വർധിച്ച് 57 രൂപയും, ജയ അരിക്കു 5 രൂപ കൂടി 55 രൂപയുമായി. കുറുവ അരിയുടെ വിലയിൽ 3 രൂപയുടെ വർധനവുമുണ്ട്. ആന്ധ്രപ്രദേശിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വൻതോതിൽ അരിയെത്തുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ അവിടങ്ങളിലെ കൃഷിനാശവും എഥനോൾ നിർമ്മാണത്തിനായി ധാന്യങ്ങൾ വകമാറ്റുന്നതും വിപണിയിൽ അരിക്ഷാമത്തിന് വഴിയൊരുക്കുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.




