NEWS

നിർമലയുടെ എഐ വിഡിയോ കണ്ട് നിക്ഷേപം: മലയാളിക്ക് നഷ്ടമായത് 1.41 കോടി രൂപ

ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോമുകൾ വഴി നിക്ഷേപം നടത്തിയാൽ പണം ഇരട്ടിയാക്കി നൽകാമെന്ന വ്യാജേന കേരളത്തിൽ വൻ തട്ടിപ്പ് വീണ്ടും സജീവമാകുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമിച്ച് പ്രചരിപ്പിച്ചാണ് സംഘം ആളുകളെ കബളിപ്പിക്കുന്നത്. ഇതിൽപ്പെട്ട് കോഴിക്കോട് സ്വദേശിയായ ഒരു വ്യവസായിക്ക് നഷ്ടമായത് 1.41 കോടി രൂപയാണ്. സമാനമായ രീതിയിൽ വടകരയിൽ പ്രായമായ ദമ്പതികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.

തട്ടിപ്പ് നടന്നത് ഇങ്ങനെ: സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വിഡിയോ വഴിയാണ് വ്യവസായി ഇത്തരം നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയുന്നത്. ഓൺലൈൻ ട്രേഡിങ്ങിലൂടെ നിക്ഷേപം ഇരട്ടിയാക്കാമെന്ന് കേന്ദ്ര ധനമന്ത്രി അവകാശപ്പെടുന്ന ദൃശ്യങ്ങളായിരുന്നു അത്. വിഡിയോയ്ക്ക് താഴെ നൽകിയിരുന്ന ലിങ്കിൽ പ്രവേശിച്ചതോടെ ഇദ്ദേഹം മറ്റൊരു വെബ്സൈറ്റിലേക്ക് എത്തിച്ചേർന്നു. അവിടെ ആവശ്യപ്പെട്ട പ്രകാരം പേരും മറ്റ് വ്യക്തിഗത വിവരങ്ങളും നൽകി നിക്ഷേപത്തിന് തുടക്കമിട്ടു. 2025 ജൂൺ 6 മുതൽ 2026 നവംബർ 4 വരെയുള്ള കാലയളവിൽ 30 തവണകളായിട്ടാണ് ഇദ്ദേഹം 1.41 കോടി രൂപ നിക്ഷേപിച്ചത്. എന്നാൽ, വാഗ്ദാനം ചെയ്ത ലാഭവിഹിതം ലഭിക്കാതിരുന്നതോടെ സംശയം തോന്നിയ ഇദ്ദേഹം പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഡിയോ പൂർണമായും കൃത്രിമമാണെന്നും തട്ടിപ്പാണ് നടന്നതെന്നും ബോധ്യപ്പെട്ടത്.

ഈ സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പുകാർ ഉപയോഗിച്ച ഫോൺ രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രതികളെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Fashion ⏭️

Back to top button