വ്യത്യസ്ത പേരുകളിൽ മൂന്ന് പാസ്പോർട്ടുകൾ; തായ്‌ലൻഡ് യാത്ര പതിവാക്കിയ 34-കാരൻ വിമാനത്താവളത്തിൽ പിടിയിൽ

ഭുവനേശ്വർ: വ്യാജരേഖകൾ ഹാജരാക്കി വിവിധ പേരുകളിൽ മൂന്ന് പാസ്പോർട്ടുകൾ തരപ്പെടുത്തിയ യുവാവിനെ വിമാനത്താവളത്തിൽ വെച്ച് അധികൃതർ പിടികൂടി. ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശിയായ 34 വയസ്സുകാരൻ ബ്രിജേഷ് കുമാറാണ് പാസ്പോർട്ട് തട്ടിപ്പ് നടത്തിയ കുറ്റത്തിന് ഭുവനേശ്വർ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായത്. ബാങ്കോക്കിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ മടങ്ങിയെത്തിയപ്പോഴാണ് ഇമിഗ്രേഷൻ വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, വെള്ളിയാഴ്ച രാവിലെ 11.35-ഓടെ ഇൻഡിഗോ വിമാനത്തിലാണ് ബ്രിജേഷ് കുമാർ ഭുവനേശ്വർ വിമാനത്താവളത്തിൽ ഇറങ്ങിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് ഒരേ വിലാസത്തിൽ വ്യത്യസ്ത പേരുകളിൽ മൂന്ന് പാസ്പോർട്ടുകൾ ഇയാൾ കൈവശം വെച്ചിരുന്നതായി വ്യക്തമായത്. ലക്നൗവിലെ പാസ്പോർട്ട് ഓഫീസിൽ നിന്നാണ് ഈ രേഖകൾ തയ്യാറാക്കിയിട്ടുള്ളത്. ദൽവീർ യാദവ്, ബ്രിജേഷ് കുമാർ, ബ്രിജേഷ് പ്രസാദ് എന്നീ പേരുകളിലായാണ് ഇയാൾ പാസ്പോർട്ടുകൾ സ്വന്തമാക്കിയത്.




