തനിഷ്ക് ജ്വല്ലറി കവർച്ച: മീനാക്ഷിക്കുവേണ്ടി വീടുപണിയാൻ നിശാന്ത് നടത്തിയ മോഷണം, കുടുക്കിയത് കൈയിലെ ടാറ്റൂ

മധുരൈ തനിഷ്ക് ജ്വല്ലറി കവർച്ചയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ തന്റെ സുഹൃത്ത് മീനാക്ഷിയുടെ വീടുപണി പൂർത്തിയാക്കുന്നതിനും സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനുമായാണ് കേസിലെ മുഖ്യപ്രതിയായ നിശാന്ത് മോഷണം പ്ലാൻ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. 21 കോടി രൂപയുടെ സ്വർണവും വജ്രവുമാണ് ജ്വല്ലറിയിൽ നിന്ന് കവർന്നത്. പ്രതിയെ പിടികൂടാനായി പ്രത്യേക പോലീസ് സംഘങ്ങൾ ഊർജിതമായി തെരച്ചിൽ നടത്തിവരികയാണ്.
അറസ്റ്റിലായ നിശാന്തിന്റെ പിതാവ് സുരേഷ്, സുഹൃത്ത് മീനാക്ഷി എന്നിവരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നിശാന്തിന്റെ മൊബൈൽ ഫോൺ അവസാനമായി ടവർ ലൊക്കേഷൻ കാണിച്ചത് തിരുപ്പൂരിലാണ്. മദകുളം ടാങ്കിന് സമീപമുള്ള വയലിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങളുടെ ഒരു വിഹിതം പോലീസ് കണ്ടെടുത്തു കഴിഞ്ഞു.
വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് നിശാന്ത് കവർച്ചയ്ക്ക് ഇറങ്ങിയത്. ഇതിനായി പലതവണ ജ്വല്ലറിയിലെത്തി സാഹചര്യങ്ങൾ നിരീക്ഷിച്ചിരുന്നു. നവംബർ അഞ്ചിന് പുലർച്ചെ മൂന്നുമണിക്കും നാലുമണിക്കും ഇടയിൽ ലിഫ്റ്റ് മെയിന്റനൻസ് ഏരിയ വഴി മുകളിലെത്താൻ ശ്രമിച്ചെങ്കിലും അന്ന് സാധിച്ചില്ല. പിന്നീട് നവംബർ 12-ന് ലിഫ്റ്റിന്റെ അറ്റകുറ്റപ്പണിക്കായുള്ള ചെറിയ വാതിലിലൂടെ അകത്തുകടന്ന പ്രതി, ലിഫ്റ്റ് മെയിന്റനൻസിന് ഉപയോഗിക്കുന്ന കയറിലൂടെ ഊർന്നിറങ്ങി ഒന്നാം നിലയിലെത്തുകയായിരുന്നു.
മീനാക്ഷിയും നിശാന്തും ചേർന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്തിരുന്നത്. മധുരൈ അമേരിക്കൻ കോളജിൽ വിഷ്വൽ കമ്യൂണിക്കേഷൻ പഠിക്കുന്ന സമയത്താണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് നിശാന്ത് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദം തുടർന്നു. പ്രൊഫഷണൽ വിഡിയോ എഡിറ്ററാണ് കേസിലെ മുഖ്യപ്രതിയായ നിശാന്ത്.




