കേന്ദ്ര കുടുംബ പെന്ഷന്: 1.25 ലക്ഷം രൂപ വരെ ആനുകൂല്യം, പങ്കാളിക്കും മക്കള്‍ക്കും പുതിയ അര്‍ഹതാ മാനദണ്ഡങ്ങള്‍

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും വിയോഗശേഷം, കുടുംബ പെൻഷൻ ആർക്കൊക്കെയാണ് ലഭിക്കുക എന്നും, അത് ലഭിക്കേണ്ട മുൻഗണനാക്രമം എന്താണെന്നും വ്യക്തമാക്കി പെൻഷൻ മന്ത്രാലയം (DoPPW) പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. അടിസ്ഥാന ശമ്പളത്തിന്റെ 30% മുതൽ 50% വരെ (പരമാവധി 1.25 ലക്ഷം രൂപ) തുക കുടുംബ പെൻഷനായി ലഭിക്കും. ഇതിന് അർഹതയുള്ള ജീവിതപങ്കാളി, 25 വയസ്സിൽ താഴെയുള്ള മക്കൾ, അവിവാഹിതരായ പെൺമക്കൾ, മാതാപിതാക്കൾ എന്നിവരെക്കുറിച്ചുള്ള കൃത്യമായ നിയമങ്ങളാണ് ഈ ഉത്തരവിലൂടെ സർക്കാർ വ്യക്തമാക്കുന്നത്.
കുടുംബ പെൻഷൻ: പുതിയ നിയമങ്ങൾ
സർക്കാർ ജീവനക്കാരനോ പെൻഷൻകാരനോ മരിച്ചാൽ കുടുംബത്തിൽ ആർക്കാണ് ആദ്യം പെൻഷൻ ലഭിക്കുക, കുട്ടികൾക്ക് ഏത് സാഹചര്യത്തിലാണ് അവകാശം ലഭിക്കുന്നത്, ദാമ്പത്യ തർക്കങ്ങൾ നിലനിൽക്കുന്നവർക്കും വിവാഹമോചിതർക്കും പെൻഷൻ ലഭിക്കുന്നതിലെ നിബന്ധനകൾ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്.
എന്താണ് കുടുംബ പെൻഷൻ?
സർക്കാർ ഉദ്യോഗസ്ഥനോ പെൻഷൻകാരനോ മരണപ്പെട്ടാൽ, അവരുടെ ആശ്രിതർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സർക്കാർ നൽകുന്ന പ്രതിമാസ ധനസഹായമാണ് കുടുംബ പെൻഷൻ.
ആർക്കൊക്കെ അർഹതയുണ്ട്?
നിയമപരമായ പങ്കാളി (വിരമിച്ച ശേഷമാണ് വിവാഹം നടന്നതെങ്കിലും ഇവർക്ക് അവകാശമുണ്ട്), സ്വന്തം കുട്ടികൾ, ദത്തെടുത്ത മക്കൾ, പങ്കാളിയുടെ മുൻ വിവാഹത്തിലെ കുട്ടികൾ, ജീവനക്കാരന്റെ മരണശേഷമോ വിരമിച്ച ശേഷമോ ജനിച്ച കുട്ടികൾ എന്നിവർക്ക് കുടുംബ പെൻഷന് അർഹതയുണ്ട്. അർഹതയുടെ മുൻഗണനാക്രമം താഴെ പറയുന്നതാണ്:
- 25 വയസ്സുവരെയുള്ള കുട്ടികൾ.
- ശാരീരികമോ മാനസികമോ ആയ വൈകല്യമുള്ള കുട്ടികൾ (ഇവർക്ക് പ്രായപരിധിയില്ല; സ്വന്തമായി ഉപജീവന മാർഗം കണ്ടെത്തുന്നത് വരെ പെൻഷൻ ലഭിക്കും).
- അവിവാഹിതരോ, വിധവകളോ, വിവാഹമോചിതരോ ആയ പെൺമക്കൾ (ഉപജീവന മാർഗ്ഗം ഇല്ലാത്ത സാഹചര്യത്തിൽ).
- പങ്കാളിയോ മക്കളോ ഇല്ലാത്ത പക്ഷം ആശ്രിതരായ മാതാപിതാക്കൾക്ക് അവകാശമുണ്ട് (ആദ്യം അമ്മയ്ക്കും, പിന്നീട് അച്ഛനും).
- മുകളിൽ പറഞ്ഞവരാരും ഇല്ലാത്ത സാഹചര്യത്തിൽ, ജീവനക്കാരനെ പൂർണ്ണമായും ആശ്രയിച്ച് കഴിഞ്ഞിരുന്ന ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന സഹോദരങ്ങൾക്ക് പെൻഷൻ ലഭിക്കും.
ആദ്യം പെൻഷൻ ലഭിക്കുന്നത് ആർക്ക്?
ജീവനക്കാരന്റെ മരണശേഷം നിയമപരമായ പങ്കാളിക്കാണ് (ഭാര്യ/ഭർത്താവ്) കുടുംബ പെൻഷൻ ലഭിക്കാൻ ആദ്യത്തെ അവകാശം. പങ്കാളി മരിക്കുകയോ അല്ലെങ്കിൽ അവരുടെ പെൻഷൻ ലഭിക്കാനുള്ള നിയമപരമായ അവകാശം അവസാനിക്കുകയോ ചെയ്താൽ മാത്രമേ മക്കൾക്കോ മറ്റ് ആശ്രിതർക്കോ പെൻഷൻ ലഭിച്ചു തുടങ്ങുകയുള്ളൂ.
പെൻഷൻ തുക എങ്ങനെ നിശ്ചയിക്കുന്നു?
സാധാരണ നിരക്കിൽ (Normal Rate) പെൻഷൻ ലഭിക്കുകയാണെങ്കിൽ, ജീവനക്കാരൻ അവസാനമായി വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനമായിരിക്കും തുക. ഇതിന് പ്രതിമാസം കുറഞ്ഞത് 9,000 രൂപയും കൂടിയത് 75,000 രൂപയുമായിരിക്കും.
ഉയർന്ന നിരക്കിലുള്ള കുടുംബ പെൻഷൻ (Enhanced Rate) പ്രകാരം, സർവീസിലിരിക്കെയാണ് മരണം സംഭവിക്കുന്നതെങ്കിൽ ആദ്യത്തെ 10 വർഷത്തേക്ക് അവസാന ശമ്പളത്തിന്റെ 50 ശതമാനം (പരമാവധി 1.25 ലക്ഷം രൂപ വരെ) ലഭിക്കും. വിരമിച്ച ശേഷമാണ് മരണമെങ്കിൽ, ആദ്യത്തെ ഏഴു വർഷത്തേക്കോ അല്ലെങ്കിൽ ജീവനക്കാരന് 67 വയസ്സ് തികയുന്നത് വരെയോ ഈ ഉയർന്ന നിരക്ക് ലഭിക്കും.
പ്രത്യേകം ശ്രദ്ധിക്കാൻ
ദാമ്പത്യ പ്രശ്നങ്ങൾ നേരിടുന്ന വനിതാ ഉദ്യോഗസ്ഥർക്ക്, തങ്ങളുടെ മരണശേഷം ഭർത്താവിന് പകരം നേരിട്ട് കുട്ടികൾക്ക് പെൻഷൻ ലഭിക്കാൻ നാമനിർദേശം (Nomination) ചെയ്യാൻ സൗകര്യമുണ്ട്. ആദ്യ ഭാര്യ മരിക്കുകയോ വിവാഹമോചനം നേടുകയോ ചെയ്ത സാഹചര്യങ്ങളിൽ, ആ കുട്ടികൾക്കും ഇപ്പോഴത്തെ പങ്കാളിക്കും നിയമപ്രകാരം ഒരേസമയം പെൻഷൻ ലഭിക്കാൻ അർഹതയുണ്ടാകാം. കൂടാതെ, 80 വയസ്സിനു മുകളിലുള്ള കുടുംബ പെൻഷൻകാർക്ക് പ്രായത്തിനനുസരിച്ച് 20% മുതൽ 100% വരെ അധിക പെൻഷൻ ലഭിക്കും. അർഹതയുള്ളവർക്കെല്ലാം കൂടി ഒരേസമയം പെൻഷൻ നൽകില്ല; നിശ്ചയിക്കപ്പെട്ട മുൻഗണനാക്രമത്തിൽ ഒരാളുടെ അവകാശം അവസാനിച്ചാൽ മാത്രമേ അടുത്ത ആൾക്ക് പെൻഷൻ അനുവദിക്കുകയുള്ളൂ.




