പിഎം കിസാൻ: കേരളത്തിൽ 6.73 ലക്ഷം പേർ അയോഗ്യർ, കൈപ്പറ്റിയ തുക തിരിച്ചടയ്ക്കണം

കൊല്ലം ∙ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വർഷം തോറും 6,000 രൂപ വീതം നേരിട്ട് ലഭ്യമാക്കുന്ന പിഎം കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണത്തിൽ കേരളത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. പദ്ധതിയുടെ പത്താം ഗഡു വിതരണം ചെയ്ത സമയത്തെ അപേക്ഷിച്ച്, ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 23–ാം ഗഡു ലഭിച്ചവരുടെ എണ്ണത്തിൽ 6.73 ലക്ഷത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
2021 ഡിസംബർ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ വിതരണം ചെയ്ത പത്താം ഗഡു 35,45,286 പേർക്കാണ് ലഭിച്ചത്. എന്നാൽ, 2026 ജൂലൈയിൽ വിതരണം പൂർത്തിയായ 23–ാം ഗഡുവിന്റെ ഗുണഭോക്തൃ പട്ടികയിൽ 28,71,911 കർഷകർ മാത്രമാണുള്ളത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ കർശനമാക്കിയതാണ് എണ്ണത്തിലെ ഈ വലിയ ഇടിവിന് കാരണം. ഇ–കെവൈസി നിർബന്ധമാക്കിയതും, ഭൂമി സംബന്ധമായ രേഖകളുടെ കൃത്യത ഉറപ്പാക്കിയതും, ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതുമടക്കമുള്ള നടപടികളിലൂടെ പട്ടികയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തിയിരുന്നു.
നേരത്തെ 2022 ഓഗസ്റ്റ്–നവംബർ കാലയളവിൽ വിതരണം ചെയ്ത പന്ത്രണ്ടാം ഗഡുവിൽ ഗുണഭോക്താക്കളുടെ എണ്ണം 35,45,286-ൽ നിന്ന് 20,01,857 ആയി കുറഞ്ഞിരുന്നു. പിന്നീട് അർഹരായ കർഷകരെ കൃത്യമായി കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്തിയതോടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടായി. വിവരാവകാശ നിയമപ്രകാരം കേന്ദ്ര കൃഷി മന്ത്രാലയം നൽകിയ മറുപടി പ്രകാരം, ഇതുവരെ കേരളത്തിലെ കർഷകർക്കായി 14,107 കോടി രൂപയാണ് പദ്ധതി വഴി അനുവദിച്ചിരിക്കുന്നത്. അതേസമയം, അനർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയുടെ ഭാഗമായി, 2022-ൽ കേരളത്തിൽനിന്ന് 31 കോടി രൂപ തിരിച്ചുപിടിക്കാൻ അധികൃതർ നിർദേശം നൽകിയിരുന്നു.




