തിരുപ്പതി രാജയുടെ ആനന്ദഭവൻ: റൂപർട് മർഡോക് ആസ്വദിച്ച അറുപതുകളിലെ രുചിക്കൂട്ട്

ചെന്നൈ: ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വെജിറ്റേറിയൻ ഭക്ഷണശാലാ ശൃംഖലയായ അഡയാർ ആനന്ദഭവനിൽ (എ2ബി) വൻ നിക്ഷേപവുമായി ബോധി ട്രീ സിസ്റ്റംസ് രംഗത്തെത്തിയിരിക്കുന്നു. 1600 കോടി രൂപയിലധികം വരുന്ന ഈ നിക്ഷേപത്തിലൂടെ, അഞ്ചു പതിറ്റാണ്ട് നീണ്ട പാരമ്പര്യമുള്ള ഈ ഭക്ഷണ-മധുരപലഹാര വിപണന സ്ഥാപനത്തിന്റെ ഭൂരിഭാഗം ഓഹരികളും ബോധി ട്രീ സ്വന്തമാക്കി. മാധ്യമ ലോകത്തെ അതികായനായ റൂപർട് മർഡോക്കിന്റെ മകൻ ജയിംസ് മർഡോക്കും, റിലയൻസ്-ഡിസ്നി ഇന്ത്യയുടെ തലപ്പത്തുള്ള ഉദയ് ശങ്കറും ചേർന്ന് രൂപീകരിച്ച സംരംഭമാണ് ബോധി ട്രീ സിസ്റ്റംസ്.
എ2ബിയുടെ പ്രവർത്തനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക, ഒപ്പം ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും കൂടുതൽ റസ്റ്ററന്റുകൾ സ്ഥാപിച്ച് ശൃംഖല വിപുലീകരിക്കുക എന്നിവയാണ് ഈ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്. 1970-ൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ എ2ബിക്ക് നിലവിൽ രാജ്യത്തുടനീളം 160 റസ്റ്ററന്റുകളും വിദേശ വിപണികളിൽ 32 ഔട്ലറ്റുകളുമുണ്ട്. പതിനയ്യായിരത്തിലേറെ ജീവനക്കാരാണ് ഈ സ്ഥാപനത്തിൽ തൊഴിലെടുക്കുന്നത്. നേരത്തേ ജിയോസ്റ്റാർ, അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലും ബോധി ട്രീ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.
നിക്ഷേപവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ, ആനന്ദ ഭവൻ സ്വീറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ പദവിയിലേക്ക് ഉദയ് ശങ്കർ എത്തും. സ്ഥാപനത്തിന്റെ നിലവിലെ ഉടമകളായ കെ.ടി. ശ്രീനിവാസ രാജ, കെ. വെങ്കിടേശരൻ എന്നീ സഹോദരങ്ങൾ ചെറിയൊരു ഓഹരി പങ്കാളിത്തം മാത്രം നിലനിർത്തിക്കൊണ്ട് കമ്പനിയിൽ തുടരും.
ശ്രീനിവാസ രാജയുടെയും വെങ്കിടേശരന്റെയും കുടുംബത്തിന്റെ പൂർണ നിയന്ത്രണത്തിലുള്ളതായിരുന്നു ആനന്ദ ഭവൻ സ്വീറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. അറുപതുകളിൽ തമിഴ്നാട്ടിലെ വിരുദനഗർ ജില്ലയിലെ രാജപാളയത്ത് ഇവരുടെ പിതാവ് തിരുപ്പതി രാജ ഒരു ചെറിയ പലഹാരക്കട തുടങ്ങിയതോടെയാണ് ഈ സാമ്രാജ്യത്തിന്റെ തുടക്കം. തുടർന്ന് 1975-ൽ ബെംഗളൂരുവിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച അദ്ദേഹം ‘ശ്രീനിവാസ സ്വീറ്റ്സ്’ എന്ന പേരിൽ പുതിയൊരു സ്ഥാപനം ആരംഭിച്ചു. പിന്നീട് തമിഴ്നാട്ടിലേക്ക് മടങ്ങിയെത്തിയ കുടുംബം ചെന്നൈ വാഷർമാൻപേട്ടിൽ ‘ശ്രീ ആനന്ദ ഭവൻ സ്വീറ്റ്സ്’ പ്രവർത്തനം തുടങ്ങി. തുടർന്ന് അഡയാറിൽ റസ്റ്ററന്റ് തുടങ്ങിയതോടെയാണ് സ്ഥാപനം ‘അഡയാർ ആനന്ദ ഭവൻ’ എന്ന പേരിൽ വിഖ്യാതമായത്. തിരുപ്പതി രാജയുടെ വിയോഗശേഷം സഹോദരങ്ങളായ ശ്രീനിവാസ രാജയും വെങ്കിടേശരനും ചേർന്നാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകിയത്.




