അടൂർ പ്രകാശിനെ മാറ്റാൻ നീക്കം; അധ്യക്ഷനും കൺവീനറും വഴിപിരിയുമോ, നേതൃത്വത്തിൽ സമവായ ചർച്ചകൾ

കോട്ടയം ∙ മുഖ്യമന്ത്രിയെയും സർക്കാരിനെയും നിരന്തരം പരസ്യമായി വിമർശിക്കുന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ നീക്കങ്ങൾ സജീവം. പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്ന വേളയിൽത്തന്നെ കൺവീനറെയും മാറ്റാനുള്ള അനുമതി ഹൈക്കമാൻഡിൽ നിന്ന് ലഭിക്കുമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. നേതൃമാറ്റം സംബന്ധിച്ച അനുമതി ലഭിച്ചാൽ, ഘടകകക്ഷികളുമായി ചർച്ചകൾ നടത്തി പുതിയ കൺവീനറെ പ്രഖ്യാപിക്കാനാണ് തീരുമാനം. മുൻപ് ബെന്നി ബെഹനാൻ, അടൂർ പ്രകാശ് എന്നിവരുടെ നിയമനങ്ങൾ നടന്നതും കെപിസിസി അധ്യക്ഷ പ്രഖ്യാപനത്തിനൊപ്പമായിരുന്നു.
അടൂർ പ്രകാശുമായി സഹകരിച്ചു മുന്നോട്ടുപോകുന്നത് അസാധ്യമാണെന്നും, കെപിസിസി നേതൃത്വത്തിൽ മാറ്റം വരുമ്പോൾ കൺവീനർ സ്ഥാനത്തും പുതിയൊരാൾ എത്തണമെന്നുമാണ് വി.ഡി. സതീശൻ അനുകൂലികളുടെ നിലപാട്. മുന്നണിയുടെ തീരുമാനങ്ങൾ പലതും താൻ അറിയുന്നില്ലെന്നും, എം.കെ. മുനീർ, ജി. ദേവരാജൻ എന്നിവർക്ക് കാബിനറ്റ് പദവി നൽകിയത് താനുമായി ആലോചിക്കാതെയാണെന്നും അടൂർ പ്രകാശ് പരസ്യമായി തുറന്നടിച്ചത് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ ഘടകകക്ഷികൾക്കുണ്ടായ അതൃപ്തി കൂടി മുതലെടുത്ത് അടൂരിനെ മാറ്റാൻ സതീശൻ പക്ഷം നീക്കം ശക്തമാക്കിയിട്ടുണ്ട്.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷോ എ.പി. അനിൽ കുമാറോ എത്തിയേക്കുമെന്നാണ് സൂചന. വി.ഡി. സതീശൻ, മുൻ അധ്യക്ഷന്മാരായ വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ പിന്തുണ കൊടിക്കുന്നിൽ ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. എ.കെ. ആന്റണിയുടെ പിന്തുണ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. അതേസമയം, പാർട്ടിയിൽ ശക്തമായ കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെ പിന്തുണ എ.പി. അനിൽ കുമാറിനുണ്ട്.




