NEWS

പൊലീസും ജ്വല്ലറി ഉടമയും തമ്മിൽ സ്വർണക്കണക്കിൽ ഭിന്നത: നന്ദകുമാറിന്റെ മൗനം തുടരുന്നു

തിരുവനന്തപുരം ചാലയിലെ ജ്വല്ലറി ഉടമയുടെ പക്കൽ നിന്നും രണ്ട് കിലോ സ്വർണം തട്ടിയെടുത്ത സംഭവത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മഹാരാഷ്ട്ര സ്വദേശിയായ നന്ദകുമാർ സ്വർണം കൈവശം വെച്ച് വീട്ടിലേക്ക് മടങ്ങുമെന്ന് മുൻകൂട്ടി മനസ്സിലാക്കിയ സംഘമാണ് ഈ കവർച്ച ആസൂത്രണം ചെയ്തതെന്ന് വ്യക്തമാകുന്നു. സഭാപതി റോഡ് വഴി ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന നന്ദകുമാറിനെ ബൈക്കിലെത്തിയ അജ്ഞാത സംഘം പിന്തുടരുകയും, ബാഗ് പിടിച്ചുപറിച്ച ശേഷം വേഗത്തിൽ രക്ഷപ്പെടുകയുമായിരുന്നു.

തന്റെ കടയുടെ മുൻവശം പൂട്ടിയ ശേഷം പിൻവാതിലിലൂടെ പുറത്തിറങ്ങി വീട്ടിലേക്ക് പോകുന്ന നന്ദകുമാറിന്റെ പതിവ് രീതി പ്രതികൾ കൃത്യമായി നിരീക്ഷിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചന. പതിവായി മകൻ വിനോദിനൊപ്പമാണ് നന്ദകുമാർ കടയിൽ നിന്നും മടങ്ങാറുള്ളത്. എന്നാൽ വ്യാഴാഴ്ച രാത്രി താൻ പുറത്തിറങ്ങാൻ അല്പം വൈകിയെന്നും, അച്ഛൻ കടയിൽ നിന്നും പോയി മൂന്ന് മിനിറ്റിനുള്ളിലാണ് കവർച്ച നടന്നതെന്നും വിനോദ് പോലീസിന് മൊഴി നൽകി.

വിവിധ ജ്വല്ലറികളിൽ നിന്നും ശുദ്ധീകരിക്കുന്നതിനായി ഏൽപ്പിച്ച സ്വർണ്ണമാണ് ബാഗിലുണ്ടായിരുന്നതെന്നും, ഇതിന്റെ കൃത്യമായ കണക്കുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും നന്ദകുമാറിനൊപ്പമെത്തിയ വ്യാപാരി വ്യവസായി പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് നന്ദകുമാർ പറയുന്നതിങ്ങനെ: ‘രാത്രി പത്തരയോടെയാണ് ഞാൻ കടയടച്ച് പുറത്തിറങ്ങിയത്. മൂന്ന് മിനിറ്റിനുള്ളിൽ തന്നെ കവർച്ച നടന്നു. രണ്ട് ബൈക്കുകളിലായാണ് സംഘം എത്തിയത്. വിവിധ വ്യാപാരികൾ ശുദ്ധീകരണത്തിനായി ഏൽപ്പിച്ച സ്വർണ്ണമായിരുന്നു അത്. രാത്രി നൽകുന്ന സ്വർണ്ണം പിറ്റേന്ന് രാവിലെ തിരികെ നൽകുകയാണ് പതിവ്. കഴിഞ്ഞ നാലഞ്ച് ദിവസങ്ങളിലായി ശേഖരിച്ച സ്വർണ്ണമാണ് ബാഗിലുണ്ടായിരുന്നത്. വീട്ടിലിരുന്നാണ് ഈ പണികൾ ചെയ്യുന്നത്. കഴിഞ്ഞ മുപ്പത് വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് ഞാൻ’.

Fashion ⏭️

Back to top button