BUSINESS

എൻവിഡിയ സിഇഒ സ്ഥാനത്തേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും: പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ കൂടി

കേരളത്തിനും, വിശിഷ്യാ കോട്ടയം ജില്ലയിലെ പാമ്പാടിക്കാർക്കും ഒരേപോലെ അഭിമാനിക്കാവുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആഗോളതലത്തിൽ എഐ ചിപ് നിർമാണ രംഗത്ത് കുത്തകയായ എൻവിഡിയയുടെ സിഇഒ സ്ഥാനത്തേക്ക് മലയാളിയായ തോമസ് കുര്യന്റെ പേരും പരിഗണിക്കപ്പെടുന്നു എന്നത് ഏവരെയും ആവേശത്തിലാക്കുന്ന കാര്യമാണ്. നിലവിൽ ഗൂഗിൾ ക്ലൗഡിന്റെ സിഇഒയായി സേവനമനുഷ്ഠിക്കുന്ന 60 വയസ്സുകാരനായ തോമസ് കുര്യൻ 2018 മുതൽ ഈ പദവിയിലുണ്ട്.

ചൈനീസ് ചാരവനിത എന്ന സംശയമുള്ള ആലീസ് ഹുവാങ്ങുമായുള്ള വഴിവിട്ട ബന്ധങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് എൻവിഡിയയുടെ സഹസ്ഥാപകനും സിഇഒയുമായിരുന്ന ജെൻസൻ ഹുവാങ് കഴിഞ്ഞദിവസം രാജിവച്ചിരുന്നു. തുടർന്ന് കമ്പനിയുടെ ഇടക്കാല സിഇഒയായി നിലവിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കൊലെറ്റ് ക്രെസ്സിനെ കമ്പനി ചുമതലപ്പെടുത്തി. പുതിയ സിഇഒയെ കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോൾ എൻവിഡിയ. ഇതിനായി കമ്പനിക്ക് അകത്തുനിന്നുള്ളവരെയും പുറത്തുനിന്നുള്ള പ്രഗല്ഭരായ വ്യക്തികളെയും അവർ പരിഗണിക്കുന്നുണ്ട്. ഈ പട്ടികയിലാണ് തോമസ് കുര്യന്റെ പേരും ഇടംപിടിച്ചത്.

തോമസ് കുര്യനെക്കൂടാതെ ജയ് പുരി (എൻവിഡിയയുടെ വേൾഡ്‍വൈഡ് ഫീൽഡ് ഓപറേഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), മൈക്രോൺ ടെക്നോളജി സിഇഒ സഞ്ജയ് മെഹ്റോത്ര, പാലോ ഓൾട്ടോ നെറ്റ്‍വർക്ക്സ് മേധാവി നികേഷ് അറോറ എന്നിവരും സാധ്യതാ പട്ടികയിലുള്ള ഇന്ത്യക്കാരാണ്. കൂടാതെ ആപ്പിൾ സിഇഒ ടിം കുക്ക്, കൊലെറ്റ് ക്രെസ്, ഇയാൻ ബക്ക് തുടങ്ങിയവരും പരിഗണനാ വിഷയമാണ്. ഇതിൽ ടിം കുക്കിനാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻഗണന നൽകുന്നത്.

ആരാണ് തോമസ് കുര്യൻ? കോട്ടയം ജില്ലയിലെ പാമ്പാടിയിൽ ജനിച്ച ഇദ്ദേഹം തന്റെ ഇരട്ട സഹോദരൻ ജോർജ് കുര്യനോടൊപ്പം 1986-ൽ ഉപരിപഠനത്തിനായി അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിലേക്ക് ചേക്കേറി. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദവും കരസ്ഥമാക്കി. മക്കൻസി ആൻഡ് കമ്പനിയിൽ ജോലി ചെയ്ത ശേഷം 1996-ൽ ഓറക്കിളിൽ ചേർന്നു. സിലിക്കൺ വാലിയിലെ അതികായരായ ഇരട്ട സഹോദരന്മാരാണ് തോമസും ജോർജും. ജോർജ് കുര്യൻ നെറ്റ്ആപ് (NetApp) കമ്പനിയുടെ സിഇഒയാണ്. ഓറക്കിളിൽ 22 വർഷത്തോളം വിവിധ ഉന്നത പദവികൾ വഹിച്ച ശേഷമാണ് തോമസ് കുര്യൻ ഗൂഗിൾ ക്ലൗഡിന്റെ നേതൃത്വത്തിലേക്ക് എത്തിയത്.

ഓറക്കിളിലെ പ്രൊഡക്ട് മാനേജ്‌മെന്റ് വിഭാഗത്തിൽ പ്രവർത്തനം തുടങ്ങിയ അദ്ദേഹം 2015 ജനുവരിയോടെ പ്രൊഡക്ട് ഡെവലപ്‌മെന്റ് പ്രസിഡന്റ് എന്ന നിലയിലേക്ക് ഉയർന്നു. കമ്പനി സ്ഥാപകനായ ലാറി എലിസണിന്റെ വലംകൈയ്യായി മാറിയ കുര്യന്റെ വാക്കുകൾക്ക് വലിയ പ്രാധാന്യമായിരുന്നു ഓറക്കിളിൽ ഉണ്ടായിരുന്നത്. തോമസ് കുര്യന്റെ തീരുമാനങ്ങളെ അങ്ങേയറ്റം വിശ്വസിച്ചിരുന്ന എലിസൺ, സുപ്രധാനമായ ഏത് കാര്യവും അദ്ദേഹവുമായി ചർച്ച ചെയ്ത ശേഷം മാത്രമാണ് നടപ്പിലാക്കിയിരുന്നത് എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. “തോമസ്, താങ്കൾക്കെന്ത് തോന്നുന്നു? എങ്കിൽ നമുക്ക് അങ്ങനെ തന്നെ ചെയ്യാം” എന്ന് എലിസൺ സ്ഥിരമായി പറഞ്ഞിരുന്നതായി മുൻ ഉദ്യോഗസ്ഥർ ഓർക്കുന്നു.

Travel ⏭️

Back to top button