NEWS

പതിനാലുകാരിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് എംഎൽഎക്കെതിരെ പോക്സോ ചുമത്തി

റാഞ്ചി: പതിനാലുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതരമായ ആരോപണത്തെത്തുടർന്ന് കോൺഗ്രസ് എംഎൽഎ ഭൂഷൺ ബാരയ്ക്കെതിരെ റാഞ്ചിയിലെ വിധാൻ സഭ പോലീസ് കേസെടുത്തു. തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് എംഎൽഎ പീഡിപ്പിക്കുകയും, വിവരം പുറത്തറിയിച്ചാൽ ജീവൻ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പെൺകുട്ടിയുടെ മൊഴി. ഈ സംഭവത്തിൽ പെൺകുട്ടിയെ എംഎൽഎയുടെ അടുത്തെത്തിച്ച സ്ത്രീകളുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ജാർഖണ്ഡിലെ സിംദേഗ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ് ഭൂഷൺ ബാര. എമ ബാര, ജോസിമ ഖഖ എന്നീ രണ്ട് സ്ത്രീകൾ, പെൺകുട്ടിയുടെ പഠനച്ചുമതല ഏറ്റെടുക്കാമെന്ന് വാഗ്ദാനം നൽകിയാണ് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. ആദ്യം സിംദേഗയിലെ വസതിയിൽ എത്തിച്ച കുട്ടിയെ പിന്നീട് റാഞ്ചിയിലേക്ക് മാറ്റി. എന്നാൽ വാഗ്ദാനം ചെയ്തതുപോലെ വിദ്യാഭ്യാസം നൽകുന്നതിന് പകരം, വീട്ടുജോലികൾക്കായി കുട്ടിയെ നിർബന്ധിക്കുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ജോലിയിൽ വീഴ്ച വരുത്തുന്ന സമയങ്ങളിൽ ക്രൂരമായ മർദ്ദനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും, പ്രതിഷേധിക്കാൻ ശ്രമിച്ചപ്പോഴെല്ലാം തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി വെളിപ്പെടുത്തി.

അതേസമയം, തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഭൂഷൺ ബാര പ്രതികരിച്ചു. ഇതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ‘‘രാഷ്ട്രീയ എതിരാളികളും ചില ഇടനിലക്കാരും ചേർന്ന് കെട്ടിച്ചമച്ച കഥയാണിത്. എനിക്കെതിരെ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് എനിക്ക് യാതൊരുവിധ പങ്കുമില്ല’’– ഭൂഷൺ ബാര വ്യക്തമാക്കി.

Fashion ⏭️

Back to top button