നിർത്തിയിട്ട കാറിൽ ഇടി; അബോധാവസ്ഥയിലായ ഡ്രൈവറുടെ കാറിൽനിന്ന് എംഡിഎംഎ കണ്ടെടുത്തു: അറസ്റ്റ്

കൊടുവള്ളിയിൽ ലഹരിമരുന്ന് ഉപയോഗിച്ചശേഷം അമിതവേഗതയിൽ വാഹനം ഓടിച്ച യുവാവ് അപകടത്തിൽപ്പെട്ടു. കാക്കൂർ പുന്നൂർ ചെറുപാലം സ്വദേശി കണ്ടോത്ത്പാറ മലയിൽതൊടുകയിൽ മുഹമ്മദ് ഷഫാൻ (36) ആണ് അപകടമുണ്ടാക്കിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നെല്ലാങ്കണ്ടി ഭാഗത്താണ് സംഭവം അരങ്ങേറിയത്.
കൊടുവള്ളിയിൽ നിന്ന് താമരശ്ശേരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് ഷഫാന്റെ കാർ, റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചശേഷം സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് തൊട്ടടുത്ത് വന്ന് നിൽക്കുകയായിരുന്നു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ കണ്ടത് കാറിനുള്ളിൽ അബോധാവസ്ഥയിൽ ഇരിക്കുന്ന ഷഫാനെയാണ്. ഇദ്ദേഹത്തെ പുറത്തെടുക്കാനും രക്ഷാപ്രവർത്തനം നടത്താനും ശ്രമിച്ചപ്പോഴാണ് കാറിന്റെ ഡാഷ് ബോർഡിൽ എംഡിഎംഎ അടങ്ങിയ കവർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ ഉടൻ തന്നെ വിവരം കൊടുവള്ളി പൊലീസിൽ അറിയിക്കുകയായിരുന്നു.




