സഞ്ജു സാംസണെക്കുറിച്ചുള്ള ചോദ്യത്തിന് സച്ചിൻ തെൻഡുൽക്കറുടെ മറുപടി: ആരാധകർക്കിടയിൽ ചർച്ചയായി ലാലേട്ടൻ ശൈലി

മുംബൈ ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ‘ഇന്ത്യ ക്രിക്കറ്റ്’ സബ്റെഡിറ്റിൽ ആരാധകരുമായി നടത്തിയ സംവാദം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്. ആരാധകർ ഉന്നയിച്ച വൈവിധ്യമാർന്ന ചോദ്യങ്ങൾക്ക് തികച്ചും രസകരമായ രീതിയിലാണ് സച്ചിൻ മറുപടി നൽകിയത്. പല സംശയങ്ങൾക്കും കൃത്യമായ മറുപടികൾ നൽകാനും താരം ശ്രദ്ധിച്ചു. മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണെക്കുറിച്ച് വന്ന ഒരു ചോദ്യത്തിന് സച്ചിൻ നൽകിയ മറുപടി ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ‘നീ പോ മോനേ ദിനേശാ! ഇതിന്റെ അർഥം സഞ്ജു തന്നെ നിങ്ങൾക്ക് പറഞ്ഞുതരും!’ എന്നായിരുന്നു സച്ചിന്റെ കിടിലൻ മറുപടി. മോഹൻലാൽ നായകനായ ‘നരസിംഹം’ എന്ന ഹിറ്റ് ചിത്രത്തിലെ പ്രശസ്തമായ ഡയലോഗാണിത്. സച്ചിന്റെ ഈ മറുപടി സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറി. ‘ലാലേട്ടന്റെ ഡയലോഗ് സച്ചിന് അറിയാമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. സച്ചിനെ ലാലേട്ടനുമായി പരിചയപ്പെടുത്തിയ സഞ്ജുവിനോട് വലിയ നന്ദിയുണ്ട്’ തുടങ്ങി രസകരമായ ഒട്ടേറെ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
‘ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളുടെ ഉപദേശങ്ങളും മാർഗനിർദേശങ്ങളും എന്റെ കരിയറിൽ വലിയൊരു മുതൽക്കൂട്ടാണ്. ഒരു കാര്യം ഇവിടെ പ്രത്യേകം പറയട്ടെ: കഴിഞ്ഞ കുറച്ചു മാസങ്ങളായി സച്ചിൻ സാറുമായി ഞാൻ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഓസ്ട്രേലിയൻ പര്യടനത്തിൽ ടീമിൽ ഉൾപ്പെടാതെ പുറത്തിരുന്നപ്പോൾ ഉണ്ടായ മാനസിക സംഘർഷങ്ങളെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. അത്തരം ഘട്ടങ്ങളിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് അദ്ദേഹം എനിക്ക് പകർന്നുനൽകിയ അറിവുകൾ ചെറുതല്ല. ഇന്നലെ പോലും എന്റെ വിശേഷങ്ങൾ അന്വേഷിച്ച് അദ്ദേഹം വിളിച്ചിരുന്നു. ഇത്രയും വലിയൊരു താരത്തിൽനിന്ന് ഇത്രയേറെ പരിഗണനയും മാർഗനിർദേശങ്ങളും ലഭിക്കുക എന്നത് വലിയൊരു ഭാഗ്യമാണ്. കളിയെക്കുറിച്ചുള്ള വ്യക്തതയും കൃത്യമായ തയാറെടുപ്പും കൈവരിക്കാൻ എന്നെ സഹായിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു’’– ഇത്തരത്തിൽ സഞ്ജു മുമ്പ് പറഞ്ഞിരുന്നു. ഈ കാര്യങ്ങളെ മുൻനിർത്തിയായിരുന്നു സച്ചിനോട് ആരാധകൻ ചോദ്യം ചോദിച്ചത്.




