സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചു; മരുന്ന് നൽകിയതിൽ അപാകതയെന്ന് ബന്ധുക്കളുടെ പരാതി

കരുനാഗപ്പള്ളി (കൊല്ലം)∙ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പതിനേഴുകാരിക്ക് ദാരുണാന്ത്യം. ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ചയാണ് പെൺകുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആലുംകടവ് മരുന്നൂർകുളങ്ങര തെക്ക് നാട്ടന്നൂർ കിഴക്കതിൽ പ്രശാന്ത്–രാജലക്ഷ്മി ദമ്പതികളുടെ ഏകമകളായ ആർഷ (17) ആണ് മരണപ്പെട്ടത്.
ഛർദ്ദിയെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് ആർഷയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആശുപത്രിയിൽ നിന്ന് നൽകിയ ഒരു സിറപ്പ് കഴിച്ചതിന് തൊട്ടുപിന്നാലെ കുട്ടിക്ക് കടുത്ത ശാരീരിക അസ്വസ്ഥതയും കാഴ്ച മങ്ങുന്നതുമായ ലക്ഷണങ്ങൾ പ്രകടമായതായി ബന്ധുക്കൾ വ്യക്തമാക്കി. ആരോഗ്യനില പെട്ടെന്നുതന്നെ അതീവ ഗുരുതരമായതോടെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് വീട്ടുകാർ പറയുന്നു.
നൽകിയ മരുന്നിലെ പിഴവും ജീവനക്കാരുടെ അനാസ്ഥയുമാണ് ആർഷയുടെ മരണത്തിൽ കലാശിച്ചതെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് പ്രശാന്ത് കരുനാഗപ്പള്ളി പൊലീസിൽ ഔദ്യോഗികമായി പരാതി സമർപ്പിച്ചു. എന്നാൽ, ചികിത്സയിൽ ഒരുവിധത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് ആശുപത്രി മാനേജ്മെന്റ്.




