NEWS

ഐഎഎസ് അഴിച്ചുപണി: കെഎസ്ഇബി ചെയർമാനായി എൻ. പ്രശാന്ത്; രാജമാണിക്യത്തെ മാറ്റി

തിരുവനന്തപുരം: സംസ്ഥാന ഭരണതലത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യത്തെ നീക്കി പകരം എൻ. പ്രശാന്തിനെ ആ സ്ഥാനത്ത് നിയമിച്ചു. നിലവിൽ വഹിക്കുന്ന കായിക-യുവജനക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എന്ന അധിക ചുമതലയിൽ അദ്ദേഹം തുടരും. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് എം.ജി. രാജമാണിക്യത്തെ നിയമിച്ചിരിക്കുന്നത്. വൈദ്യുതി മേഖല നേരിടുന്ന പ്രതിസന്ധികളും ക്ഷാമവും സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് ഈ സുപ്രധാന മാറ്റമെന്നത് ശ്രദ്ധേയമാണ്.

ആരോഗ്യവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഷർമിള മേരി ജോണിനെ ഒഴിവാക്കി. മുഹമ്മദ് ഹനീഷിനെയാണ് ആ സ്ഥാനത്തേക്ക് പുതിയതായി നിയമിച്ചിരിക്കുന്നത്. നേരത്തെ ധനകാര്യ വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര-വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. ജലവിഭവ വകുപ്പ്, ഭവന നിർമ്മാണം, കയർ എന്നീ വകുപ്പുകളുടെ ചുമതലയും അദ്ദേഹം കൈകാര്യം ചെയ്യും. ധനകാര്യ വകുപ്പിന്റെ പുതിയ സെക്രട്ടറിയായി ടി.വി. അനുപമയെ നിയമിച്ച സർക്കാർ, പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല കൂടി അവർക്ക് നൽകിയിട്ടുണ്ട്. ധനകാര്യ വകുപ്പിന്റെ പുതിയ അഡീഷണൽ ചീഫ് സെക്രട്ടറിയായി മിൻഹാജ് ആലമിനെയും നിയമിച്ചു.

Fashion ⏭️

Back to top button