HEALTH

ഉപ്പിന്റെ അമിതോപയോഗം ആരോഗ്യത്തിന് വെല്ലുവിളിയോ; അറിയേണ്ട കാര്യങ്ങൾ

നമ്മുടെ ഭക്ഷണക്രമത്തിൽ ഉപ്പിന് അനിഷേധ്യമായ സ്ഥാനമാണുള്ളത്. രുചിയെ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഉപ്പ്, ശരീരത്തിന് ആവശ്യമായ അയഡിൻ ലഭ്യമാക്കുന്നതിലെ സുപ്രധാന സ്രോതസ്സ് കൂടിയാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവർത്തനത്തിനും ശരീരത്തിന്റെ മെറ്റബോളിസം ക്രമീകരിക്കുന്നതിനും അയഡിൻ ഒഴിച്ചുകൂടാനാവാത്തതാണ്. ഭക്ഷണത്തിലൂടെ കൃത്യമായ അളവിൽ അയഡിൻ ലഭിച്ചില്ലെങ്കിൽ അത് ഗോയിറ്റർ, ഹൈപ്പോതൈറോയിഡിസം, ഓർമ്മക്കുറവ്, ഗർഭകാല സങ്കീർണ്ണതകൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കാം.

നിലവിൽ വിപണിയിൽ സാധാരണ കല്ലുപ്പിനും പൊടിയുപ്പിനും പുറമെ ഇന്തുപ്പ് (പിങ്ക് സാൾട്ട്), സെൽറ്റിക് സാൾട്ട് (ഗ്രേ സാൾട്ട്) തുടങ്ങിയവയുടെ വലിയൊരു നിര തന്നെയുണ്ട്. ഇത്തരം ‘ഫാൻസി’ ഉപ്പുകൾക്ക് വൻ പ്രചാരവും ഉയർന്ന വിലയുമാണ് ഈടാക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾ കണ്ട് പലരും ഇത്തരം ഉപ്പുകളിലേക്ക് മാറുന്നുണ്ടെങ്കിലും, ഇവ നൽകുന്ന വാഗ്ദാനങ്ങൾ എത്രത്തോളം സത്യമാണെന്ന് പരിശോധിക്കേണ്ടതുണ്ട്. പിങ്ക് സാൾട്ടിൽ സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, അയൺ തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട് എന്നത് ശരിയാണെങ്കിലും, പാചകത്തിന് ഉപയോഗിക്കുന്ന ഉപ്പിൽ നിന്ന് മാത്രമായി ഈ ധാതുക്കൾ ശരീരത്തിന് ലഭ്യമാകുമെന്ന് കരുതുന്നത് അബദ്ധമാണ്. ആവശ്യമായ അളവിൽ ധാതുക്കൾ ലഭിക്കണമെങ്കിൽ ഉപ്പ് അമിതമായി കഴിക്കേണ്ടി വരും, അത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷം ചെയ്യും. മാത്രമല്ല, ഇന്തുപ്പിലും സെൽറ്റിക് സാൾട്ടിലും അയഡിന്റെ അംശം വളരെ കുറവാണെന്ന് ഡോ. ഡാനിഷ് സലീമും ഹൈദരാബാദിൽ നിന്നുള്ള ഡോ. അർജുൻ ശങ്കറും മുന്നറിയിപ്പ് നൽകുന്നു.

ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമുള്ള അയഡിന്റെ അളവ് 180 മൈക്രോഗ്രാം ആണ്. പ്രായത്തിനനുസരിച്ച് ഉപ്പിന്റെ ഉപയോഗത്തിൽ കൃത്യമായ നിയന്ത്രണം വേണം:

  • ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്: ഒരു ഗ്രാമിൽ താഴെ (മുലപ്പാൽ വഴി ലഭിക്കുന്നത്).
  • 1 മുതൽ 3 വയസ്സ് വരെ: ദിവസേന രണ്ട് ഗ്രാമിൽ താഴെ.
  • 4 മുതൽ 6 വയസ്സ് വരെ: മൂന്ന് ഗ്രാമിൽ താഴെ.
  • 7 മുതൽ 10 വയസ്സ് വരെ: അഞ്ച് ഗ്രാമിൽ താഴെ.
  • 11 വയസ്സിന് മുകളിൽ: ആറ് ഗ്രാമിൽ താഴെ.

നാം കഴിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളിലും സോഡിയത്തിന്റെ സാന്നിധ്യമുണ്ട് എന്നത് മറക്കരുത്. ദൈനംദിന പാചകത്തിന് അയഡൈസ്ഡ് പൊടിയുപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. വിലയേറിയ പിങ്ക് സാൾട്ടോ മറ്റ് ഫാൻസി ഉപ്പുകളോ ദിവസേനയുള്ള പാചകത്തിന് ഉപയോഗിക്കാതെ, അപൂർവ്വമായി രുചിക്കായി മാത്രം മാറ്റിവെക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ശരീരത്തിൽ സോഡിയത്തിന്റെ അളവ് അനിയന്ത്രിതമായാൽ സംഭവിക്കാവുന്ന വിപത്തുകൾ ചില്ലറയല്ല:

ഉയർന്ന രക്തസമ്മർദ്ദം: അമിതമായ ഉപ്പുപയോഗം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദ്രോഗങ്ങൾക്കും പക്ഷാഘാതത്തിനും (സ്ട്രോക്ക്) കാരണമാവുകയും ചെയ്യുന്നു.

വൃക്ക സംബന്ധമായ പ്രശ്നങ്ങൾ: അമിത സോഡിയം പുറന്തള്ളാൻ വൃക്കകൾ കഠിനമായി അധ്വാനിക്കേണ്ടി വരുന്നു, ഇത് അവയുടെ പ്രവർത്തനക്ഷമത കുറയ്ക്കാനും വൃക്കയിൽ കല്ല് ഉണ്ടാവാനും കാരണമാകുന്നു.

ശരീരത്തിൽ നീര് കെട്ടിക്കിടക്കുക: അമിത സോഡിയം വെള്ളത്തെ ശരീരത്തിൽ തടഞ്ഞുനിർത്തുന്നതുകൊണ്ട് മുഖത്തും കൈകാലുകളിലും നീര് വരാം.

എല്ലുകളുടെ ബലക്കുറവ്: ശരീരത്തിൽ ഉപ്പ് അധികരിക്കുമ്പോൾ മൂത്രത്തിലൂടെ കാൽസ്യം നഷ്ടപ്പെടുകയും ഇത് കാലക്രമേണ ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥിരോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആമാശയ കാൻസർ സാധ്യത: ഉപ്പിലിട്ട ഭക്ഷണങ്ങളും ഉപ്പ് കൂടിയ വിഭവങ്ങളും തുടർച്ചയായി കഴിക്കുന്നത് ആമാശയ ഭിത്തികളെ ദോഷകരമായി ബാധിക്കുകയും കാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

Life Style ⏭️

Back to top button