BUSINESS

പുരപ്പുറ സോളർ: പിഎം സൂര്യഘറിൽ രാജ്യത്ത് ഒന്നാംസ്ഥാനത്ത്; എന്നിട്ടും ഗുജറാത്തിൽ ‘പവർ കട്ട്’ തുടർക്കഥ, സർക്കാർ എന്താണ് ചെയ്യുന്നത്?


പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജനയിൽ രാജ്യത്ത് ഒന്നാംസ്ഥാനത്തായിട്ടും ഗുജറാത്തിൽ ജനങ്ങളെയും വ്യാപാരികളെയും വലച്ച് പവർകട്ട്. സോളർ വഴിയുള്ള ഉൽപാദനം കുറഞ്ഞതും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിലെ ഉയർന്ന സാമ്പത്തിക ബാധ്യതയുമാണ് ഗുജറാത്തിനെ പവർകട്ടിലേക്ക് നയിച്ചത്. ദീപാവലിക്ക് മുൻപ് ഇത്തരത്തിൽ വൈദ്യുതി നിലയ്ക്കുന്നത് കച്ചവടസ്ഥാപനങ്ങളെയും ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയെന്ന് സംസ്ഥാന സർക്കാരിന്റെ അവലോകന റിപ്പോർട്ടിലുണ്ട്. ഒക്ടോബർ 16ന് ഡിമാൻഡ് 29,822 മെഗാവാട്ട് ആയിരുന്നു. ഇത് റെക്കോർഡാണ്. 2025 ഒക്ടോബർ 16ന് 21,822 മെഗാവാട്ട് ആയിരുന്നു. പിഎം സൂര്യ ഘർ പദ്ധതിയിൽ‌ 12.80 ലക്ഷം വീടുകളിലായി 3415.11 മെഗാവാട്ട് സ്ഥാപിത ഉൽപാദനശേഷിയുമായി ഇന്ത്യയിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. 13.39 ലക്ഷം വീടുകളിലായി 3185.78 മെഗാവാട്ട് സ്ഥാപിതശേഷയുള്ള മഹാരാഷ്ട്രയാണ് രണ്ടാമത്. 9.33 ലക്ഷം വീടുകളിലായി 3093.72 മെഗാവാട്ട് ശേഷിയോടെ ഉത്തർപ്രദേശ് മൂന്നാമതുമാണ്.  കേരളമാണ് നാലാംസ്ഥാനത്ത്. 3.96 ലക്ഷം വീടുകളിലായി സ്ഥാപിതശേഷി 1505.14 മെഗാവാട്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗാർഹിക സോളർ പാനലുകൾ കൂടുതലാണെങ്കിലും ഗുജറാത്തിൽ ഉൽപാദനം കുറയുന്നതാണ് തിരിച്ചടി. വൈകിട്ട് 5നും രാത്രി 11 മണിക്കുമിടയിൽ ഗാർഹിക ഉപഭോക്താക്കളിൽ‌ നിന്നുള്ള വൈദ്യുതി ഡിമാൻഡ് വൻതോതിൽ‌ കൂടി. ഇതിനായി കൽക്കരി, കാറ്റാടിപ്പാടം, ആണവ വൈദ്യുതോൽപാദ പദ്ധതികളെയാണ് ഗുജറാത്ത് കൂടുതലായി ആശ്രയിക്കുന്നത്. സോളർ പാനൽ വഴിയുള്ള വൈദ്യുതി ശേഖരിക്കാൻ ബാറ്ററി സ്റ്റോറേജ് സൗകര്യങ്ങളുടെ അപര്യാപ്തതയുള്ളതും ഗുജറാത്തിന് തിരിച്ചടിയാകുന്നു. കാറ്റിന്റെ ശക്തി കുറഞ്ഞത് കാറ്റാടിപ്പാടങ്ങളിലെ ഉൽപാദനത്തെ പിന്നോട്ടടിച്ചു. എൽ-നിനോ പ്രതിഭാസം മൂലം മൺസൂൺ‌ ദുർബലമായത് (മഴക്കുറവ്)  ജലവൈദ്യുതോൽപാദന പദ്ധതികളെയും ബാധിച്ചു. ഇതോടെയാണ് പവർകട്ടിലേക്ക് സംസ്ഥാനം കടന്നത്.  അധിക വൈദ്യുതി ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ഗുജറാത്ത് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഉയർന്ന ബാറ്ററി എനർജി സ്റ്റോറേജ് സൗകര്യം ലഭ്യമാക്കി ഗാർഹിക സോളർ വൈദ്യുതി ശേഖരിച്ചുവയ്ക്കാനുള്ള ആലോചനകളും സർക്കാർ നടത്തുന്നുണ്ട്. ഇതുവഴി രാത്രികാലത്തെ ഡിമാൻഡ് കൈകാര്യം ചെയ്യാനാകുമെന്ന് കരുതുന്നു.


Travel ⏭️

Back to top button