NEWS
മരുന്നിനോട് മുഖംതിരിച്ച് അഫ്ഗാനിസ്ഥാൻ; പാക്കിസ്ഥാന് സാമ്പത്തിക ആഘാതം, അഫ്ഗാനിൽ രോഗികൾക്കും തിരിച്ചടി

സംഘർഷത്തെ തുടർന്ന് അതിർത്തി അടച്ചതോടെ, പാക്കിസ്ഥാന്റെ മരുന്നിനോടും മുഖംതിരിച്ച് അഫ്ഗാനിസ്ഥാൻ. ഇത് പാക്കിസ്ഥാൻ മരുന്നുകമ്പനികൾക്ക് കനത്ത സാമ്പത്തിക ആഘാതവുമായെന്ന് പാക്കിസ്ഥാനി മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. രോഗികൾ ആവശ്യത്തിന് മരുന്നുകിട്ടാതെ വലയുകയാണെങ്കിലും അതിർത്തി തുറക്കുന്നത് സംബന്ധിച്ച് കടുംപിടിത്തത്തിലാണ് അഫ്ഗാൻ ഭരിക്കുന്ന താലിബാൻ. പാക്ക് ഭരണകൂടവും മാസങ്ങളായി അതിർത്തി അടച്ചിട്ടിരിക്കുകയാണ്. പാക്കിസ്ഥാനുമായി ഇനിയൊരു വ്യാപാരബന്ധത്തിനുമില്ലെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളുടെയും ഭരണകൂടങ്ങൾക്കിടയിലെ കടുംപിടിത്തം ഇരുപക്ഷത്തെയും വ്യാപാര സമൂഹത്തെയാണ് വെട്ടിലാക്കിയിരിക്കുന്നത്. അഫ്ഗാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും പ്രധാന വിപണികളിലൊന്നുമായിരുന്നു പാക്കിസ്ഥാൻ. പാക്ക് തുറമുഖങ്ങളായ കറാച്ചി, ഗ്വാദർ എന്നിവ വഴിയാണ് അഫ്ഗാൻ വ്യാപാരികൾ കയറ്റുമതിയും ഇറക്കുമതിയും നടത്തിയിരുന്നതും. അതിർത്തി അടഞ്ഞതോടെ ഉഭയകക്ഷി വ്യാപാരം നിലച്ചു. കറാച്ചിയിലും മറ്റും മാസങ്ങളായി കെട്ടിക്കിടക്കുന്ന കണ്ടെയ്നറുകളുടെ വാടക ഭീമമായി ഓരോ ദിവസവും കൂടുന്നതും കച്ചവടം സ്തംഭിച്ചതും അഫ്ഗാൻ വ്യാപാരികളെയും വെട്ടിലാക്കി. ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ ചരക്കുലോറികളും മാസങ്ങളായി കെട്ടിക്കിടക്കുകയാണ്. പാക്കിസ്ഥാന്റെ മൊത്തം മരുന്നുകയറ്റുമതിയുടെ 35 ശതമാനവും പോയിരുന്നത് നേരത്തേ അഫ്ഗാനിസ്ഥാനിലേക്കാണ്. പാക്കിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച് 2025-26ൽ പാക്കിസ്ഥാന്റെ മൊത്തം മരുന്നുകയറ്റുമതി വരുമാനം 457.45 മില്യൻ ഡോളറിൽ നിന്ന് 319 മില്യനിലേക്ക് ഇടിഞ്ഞു. കയറ്റുമതി അളവ് 1.12 ലക്ഷം ടണ്ണിൽ നിന്ന് 83,104 ടണ്ണിലേക്കും കൂപ്പുകുത്തി. 2026-27ന്റെ ആദ്യ ത്രൈമാസത്തിൽ കയറ്റുമതി വരുമാനം 25.53%, കയറ്റുമതി അളവ് 31.40% എന്നിങ്ങനെ ഇടിഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞവർഷം നേടിയ 457 മില്യൻ വരുമാനത്തിൽ 156 മില്യനും അഫ്ഗാനിസ്ഥാനിൽ നിന്നായിരുന്നു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലെ വ്യാപാരം നിർത്തിവച്ചത് വലിയ സാമ്പത്തിക ആഘാതമാണ് സൃഷ്ടിച്ചതെന്ന് പാക്കിസ്ഥാൻ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (പിപിഎംഎ) മുൻ ചെയർമാൻ തൗഖീർ ഉൽ ഹഖ് പറഞ്ഞു. വ്യാപാരബന്ധം പുനരാരംഭിക്കാനായി സർക്കാരിനുമേൽ സമ്മർദം ചെലുത്തിയിരുന്നു. ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്ന് പ്ലാനിങ് മന്ത്രി അഹ്സൻ ഇഖ്ബാൽ വാക്കുനൽകിയിരുന്നു. എന്നാൽ, ഒരു പുരോഗതിയും ഉണ്ടായില്ലെന്നും തൗഖീർ ഉൽ ഹഖ് പറഞ്ഞു.
Fashion ⏭️




