ഗവർണർ സസ്യാഹാരി, അടുക്കളയിൽ സസ്യാഹാരം മാത്രം മതിയെന്നതിൽ അസ്വാഭാവികത എന്ത്? വിശദീകരണവുമായി ലോക്ഭവൻ

ഗവർണർ ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്യുന്നു
തിരുവനന്തപുരം: ഗവർണർ ഓം പ്രകാശ് മാഥൂർ സസ്യേതര ഭക്ഷണം വിലക്കിയ നടപടി വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ലോക്ഭവൻ. ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാർ ഇതുസംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഗവർണറുടെ ഔദ്യോഗിക വസതിയിലെ അടുക്കള ഗവർണർക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അതിഥികൾക്കും ഭക്ഷണം ഒരുക്കുന്നതിനുള്ളതാണ്. അവിടെ എന്ത് ഭക്ഷണം പാകം ചെയ്യണമെന്നത് ഗവർണറുടെ ഭക്ഷണശീലങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ചാണെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.
കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ
പുതിയ ഗവർണർ ചുമതലയേൽക്കുമ്പോൾ അദ്ദേഹത്തിന്റെ താൽപര്യങ്ങൾ എന്തൊക്കെയാണ്, എന്തെല്ലാം പ്രത്യേക സൗകര്യങ്ങൾ ഒരുക്കണം തുടങ്ങിയ കാര്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച ചെയ്യുന്നത് സ്വാഭാവികമാണ്. അത്തരമൊരു ചർച്ചയുടെ ഭാഗമായി ഉയർന്നുവന്ന നിർദേശമായിരുന്നു പുതിയ ഗവർണർ സസ്യാഹാരിയായതിനാൽ ഗവർണറുടെ അടുക്കളയിൽ സസ്യാഹാരം മാത്രം പാകം ചെയ്താൽ മതിയെന്നത്. ഇതിൽ അസ്വാഭാവികമായി എന്താണുള്ളത്?
ഗവർണറുടെ ഔദ്യോഗിക വസതിയിലെ അടുക്കള ഗവർണർക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അതിഥികൾക്കും ഭക്ഷണം ഒരുക്കുന്നതിനുള്ളതാണ്. അവിടെ എന്ത് ഭക്ഷണം പാകം ചെയ്യണമെന്നത് ഗവർണറുടെ ഭക്ഷണശീലങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ചായിരിക്കാം. അതിനെ ജീവനക്കാരുടെ ഭക്ഷണസ്വാതന്ത്ര്യവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല.
ലോക്ഭവനിലെ ജീവനക്കാരെല്ലാം സർക്കാർ ജീവനക്കാരാണ്. അവർക്ക് സ്വന്തം ഭക്ഷണശീലങ്ങളുണ്ട്. വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവരാനോ പുറത്തുനിന്ന് വാങ്ങിക്കഴിക്കാനോ അവർക്ക് യാതൊരു വിലക്കുമില്ല. ജീവനക്കാർക്ക് മാംസാഹാരം കഴിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയെന്ന തരത്തിലുള്ള പ്രചാരണം വസ്തുതകളെ തെറ്റായി അവതരിപ്പിക്കുന്നതാണ്.
English Summary
Lok Bhavan clarified that the decision to prepare only vegetarian food in Governor Om Prakash Mathur’s official residence kitchen was based on his dietary preferences. Additional Private Secretary Sreekumar said the kitchen serves the Governor, his family, relatives and guests. He denied reports of a meat-eating ban on employees, stating they can bring food from home or buy it outside.
RELATED TOPICS: OM PRAKASH MATHUR, KERALA GOVERNOR FOOD CONTROVERSY, LOK BHAVAN CLARIFICATION, GOVERNOR VEGETARIAN FOOD RULE, GOVERNOR FOOD BAN VIVADAM
Read News ⏭️




