NEWS
അരുണാചൽ അതിർത്തിയിൽ ചൈനയുമായി സംഘർഷാവസ്ഥ; വെളിപ്പെടുത്തി ഐടിബിപി

ന്യുഡൽഹി∙ അരുണാചൽപ്രദേശിലെ അതിർത്തി മേഖലയിൽ ചൈനയുടെ സൈന്യവുമായി സംഘർഷമുണ്ടെന്ന് ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ഡയറക്ടർ ജനറൽ വെളിപ്പെടുത്തി. ‘‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി അരുണാചലിലെ പലയിടങ്ങളിലും ഏറ്റുമുട്ടലിനു സമാനമായ സാഹചര്യമുണ്ട്. ഐടിബിപി കമാൻഡോകൾ സജീവമായി ഇടപെടുന്നുണ്ട്’’ –രാജസ്ഥാനിലെ ആൽവറിൽ നടന്ന ഐടിബിപി വാർഷിക കൂട്ടായ്മയിൽ ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ പറഞ്ഞു. ചൈനയുടെ പേരെടുത്തു പറയാതെയായിരുന്നു പരാമർശം. ഈ വെളിപ്പെടുത്തൽ നിഷേധിക്കാതിരുന്ന വിദേശകാര്യ മന്ത്രാലയം, ഇന്ത്യ–ചൈന അതിർത്തി മേഖലയിലെ സ്ഥിതി ഇടയ്ക്കിടെ അസ്വസ്ഥമാകാറുണ്ടെന്നു പ്രതികരിച്ചു.‘‘അതിർത്തി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തെറ്റിദ്ധാരണ ഒഴിവാക്കുന്നതിനും ഇരുരാജ്യങ്ങളും നിലവിലുള്ള നയതന്ത്ര–സൈനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിർത്തി നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനു ചർച്ചകൾ സജീവമാക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്’’– വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
Fashion ⏭️




